ഇടുക്കി: 12 പേരാണ് ജില്ലയിൽ ഈ വർഷം വെള്ളത്തിൽ മുങ്ങി മരിച്ചത്. അതിൽ 3 വയസുള്ള പിഞ്ചുകുട്ടിയും, 4 കൗമാരക്കാരായ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
ജനുവരി 1ന് നെടുങ്കണ്ടം കൗന്തിയിൽ തുണ്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായ (22) യെ അയൽവാസിയുടെ പുരയിടത്തിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യ ആണെന്ന് ആരോപണം ഉയർന്നിരുന്നു.
ജനുവരി 26 ന് ഉപ്പാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആനച്ചാൽ ആമക്കണ്ടം മുടയാനിയിൽ സുരേഷിന്റെ മകനും,കുഞ്ചിത്തണ്ണി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമായ എം.എസ് അഭയ് ആണ് മരിച്ചത്. സ്‌കൂളിലെ റിപ്പബ്ളിക്ക് ദിനാഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങിപ്പോകുമ്പോൾ മറ്റ് കൂട്ടുകാർക്കൊപ്പം കുഞ്ചിത്തണ്ണി പാലത്തിനു മേൽ ഭാഗത്ത് വള്ളക്കടവിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഫെബ്രുവരി 6ന് വാക്കാസിറ്റിയിൽ നിന്നും കാണാതായ മരുതുകുന്നേൽ പൗളിനാമ്മ ജോസഫ്(53)നെ പിറ്റേന്ന് മുക്കുടിൽ ഡാമിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാൽ വഴുതി അണക്കെട്ടിൽ വീണെന്നാണ് കരുതുന്നത്.
മാർച്ച് 21 ന് നെടുങ്കണ്ടം ചേമ്പളത്ത് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള കുട്ടി പടുതാക്കുളത്തിൽ വീണ് മരിച്ചിരുന്നു. മേക്കല്ലാർ പുത്തൻപുരയ്ക്കൽ രതീഷ് ചിത്ര ദമ്പതികളുടെ 3 വയസുള്ള മകൻ അഡോണിന്റെ ജീവനാണ് കുരുന്നിലേ നഷ്ടപ്പെട്ടത്. കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കാൽ വഴുതി പടുതാക്കുളത്തിൽ വീഴുകയായിരുന്നു
മാർച്ച് 23ന് നെടുങ്കണ്ടം ആനക്കല്ല് ഭോജൻ കമ്പനിയുടെ ഇരുപതേക്കർ എസ്‌റ്റേറ്റിലെ തൊഴിലാളി ഒഡീഷ സ്വദേശി ബരംഗഘടികർ, താലിമുണ്ട, വിൻസന്റ് (35) ചുഴലിരോഗത്തിനെ തുടർന്ന് കുളിക്കാനിറങ്ങിയ ചെക്ക് ഡാമിൽ മുങ്ങി മരിച്ചു.
മാർച്ച് 28 ന് വൈകിട്ട് നെടുങ്കണ്ടം തൂവൽ അരുവിക്കുഴിയിൽ രണ്ട് സഹപാഠികൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതിവീണ നെടുങ്കണ്ടം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി പച്ചടി കുരിശുപാറ താന്നിക്കൽ ബെന്നിയുടെ മകൻ അനൂപ് (15) ആണ് മരിച്ചത്.ഒപ്പം അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെയും സ്ഥലത്തുണ്ടായിരുന്ന സന്ദർശകർ രക്ഷപെടുത്തി.
ഏപ്രിൽ 10 ന് മുട്ടുകാട് കൊങ്ങിണിസിറ്റിയിൽ ചൂണ്ടയിടുമ്പോൾ കുളത്തിൽ വീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മുണ്ടയ്ക്കൽ ബൈജു 42 മരിച്ചിരുന്നു. കുളത്തിൽ മുങ്ങിത്താഴുന്ന മകനെ രക്ഷപെടുത്തുന്നതിനായി വെള്ളത്തിലേയ്ക്ക് ചാടി കുട്ടിയെ കുട്ടിയെ രക്ഷപെടുത്തിയെങ്കിലും കാലുകൾ ചെളിയിൽ ഉറച്ചുപോയതിനാൽ ബൈജുവിന് വെള്ളത്തിനു മുകളിലേയ്ക്ക് ഉയർന്നു വരാനായില്ല. സമീപവാസികൾ കുളത്തിലിറങ്ങി പുറത്തെടുത്തപ്പൊഴേയ്ക്കും മരണപ്പെട്ടിരുന്നു.
രണ്ട് മാസം മുൻപ് മൂലമറ്റത്തും സമാനമായ രീതിയിലുള്ള അപകടം ഉണ്ടായി. കനാലിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു.
ഏപ്രിൽ 13 ന് കുമളി ചെങ്കര എച്ച്.എം.എൽ മേട്ടുലയത്തിൽ ഡാനിയൽ മഹേശ്വരി ദമ്പതികളുടെ മകൻ റിതിൻ (16) ചെങ്കരയാറ്റിൽ കുളിക്കാനിറങ്ങവെ കയത്തിൽപ്പെട്ടു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചങ്കിലും സാധിച്ചില്ല. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ കരയ്‌ക്കെടുത്ത് കുമളി ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ പഠിക്കുകയായിരുന്ന റിതിൻ സി.ആർ.പി.എഫ് റിക്രൂട്ട്‌മെന്റ് റാലിയ്ക്കായിസംഭവത്തിന് ഒരാഴ്ച്ച മുൻപാണ് വീട്ടിലെത്തിയത്. സി.ആർ.പി.എഫ് റാലിയിൽ സെലക്ഷൻ ലഭിച്ചതായി അറിയിപ്പ് വന്നതിന് തൊട്ട് പിന്നലെയാണ് ജീവൻ നഷ്ടമായത്.
ഏപ്രിൽ 17 ന് സൂര്യനെല്ലി മുത്തമ്മ കോളനിയിലെ ചന്ദനലിംഗം(77) ആനയിറംകൽ ജലാശയത്തിലെ പുതുപ്പരട്ട് ഭാഗത്ത് ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തലേന്ന് സൂര്യനെല്ലിയിലെ ബാങ്കിൽ നിന്നും പണം എടുത്ത ശേഷം ബന്ധുവീട്ടിൽ സന്ദർശനം കഴിഞ്ഞ് രാത്രി വള്ളത്തിൽ വീട്ടിലേയ്ക്ക് വരുന്നതിനിടെ തോണി മറിഞ്ഞതായിരുന്നു കാരണം.
ഏപ്രിൽ 19 ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ പൊന്മുടി ജലാശയത്തിലെ പള്ളിക്കുന്ന് ഓളിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ എൻ.ആർ സിറ്റി വെട്ടുകല്ലുമ്മാക്കൽ സുബീഷ് (18) കയത്തിൽ അകപ്പെട്ടിരുന്നു. മൃതശരീരം പിറ്റേന്ന് ഉച്ചയോടെ ഫയർ ഫോഴ്സിന്റെ സ്‌കൂബ ഡൈവിംഗ് സംഘമാണ് പുറത്തെടുത്തത്.
ഏപ്രിൽ അവസാനമാണ് ഉപ്പുതറയ്ക്ക് സമീപം പെരിയാറ്റിൽ കണ്ണംപടി നിവാസിയാ 27 വയസുള്ള ആദിവാസി യുവാവ് മുങ്ങി മരിച്ചത്.
മുങ്ങിമരണങ്ങളിൽ അവസാത്തേതാണ് ഇന്ന് (13.5) രാവിലെ നെടുങ്കണ്ടത്തിന് സമീപം കവുന്തിയിൽ സമീപവാസിയുടെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയായ പുത്തൻപുരയിൽ നളിനാക്ഷി (48). നാലര മാസം മുൻപ് ഇതേ കുളത്തിൽ മകൾ ഉണ്ണിമായ മുങ്ങി മരിച്ചതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകളിലായിരുന്നു ഇവർ. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.