kalunk
എൻ.ആർ സിറ്റിക്ക് സമീപത്തെ തുറന്നുകിടക്കുന്ന കലുങ്ക്‌

 വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതും കലുങ്കുകൾ തുറന്ന് കിടക്കുന്നതും അപായ ഭീഷണി ഉയർത്തുന്നു

രാജാക്കാട് : കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് വിപുലീകരിക്കുന്ന രാജാക്കാട്- പൂപ്പാറ റോഡ് ടാർ ചെയ്‌തെങ്കിലും മറ്റ് ജോലികൾ ഇഴയുന്നു. ദേശീയപാതകളായ 85 നെയും 185 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലാർകുട്ടി- പൂപ്പാറ മേജർ ഡിസ്ട്രിക്ട് റോഡിന്റെ ഭാഗമാണിത്. 15.8 കിലോമീറ്റർ ദൂരം വരുന്ന ഈ ഭാഗം 12 കോടി രൂപ ചെലവിൽ ദേശീയപാതയുടെ നിലവാരത്തിൽ ആറ് മുതൽ ഏഴ് മീറ്റർ വരെ വീതിയിൽ ബി.എം.ബി.സി രീതിയിൽ പുനർനിർമ്മിക്കുകയാണ് പദ്ധതി. 2018 മേയ് 27 ന് നിർമ്മാണോദ്ഘാടനം നടന്നു. ഒമ്പത് മാസമായിരുന്നു പൂർത്തീകരണ കാലാവധിയെങ്കിലും ജോലികൾ ആരംഭിക്കാൻ വൈകി. നാട്ടുകാർ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ടാറിംഗ് ആരംഭിച്ചെങ്കിലും മുരിക്കുംതൊട്ടി, എസ്റ്റേറ്റ് പൂപ്പാറ എന്നിവിടങ്ങളിൽ ടാർ ചെയ്ത് മണിക്കൂറുകൾക്കകം പൊളിഞ്ഞു. ഈ ഭാഗങ്ങൾ നിരവധി തവണ കുത്തിപ്പൊളിച്ച് വീണ്ടും ടാറിംഗ് നടത്തേണ്ടിവന്നു. സീബ്രാ വരകൾ, മെറ്റൽ ക്രാഷ് ബാരിയറുകൾ, രാജാക്കാട്, രാജകുമാരി, കുരുവിളസിറ്റി, പൂപ്പാറ എന്നീ ടൗണുകളിൽ ബസ് ബേകൾ, ആവശ്യമായ ഇടങ്ങളിൽ മീഡിയനുകൾ, റോഡിൽ ഉടനീളം സ്റ്റഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കുമെന്നായിരുന്നു ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ ജോലികൾ ഒന്നും നടത്തിയിട്ടില്ലെന്ന് മാത്രമല്ല പലയിടത്തും കലുങ്കുകൾ അപകടകരമായ രീതിയിൽ തുറന്ന് കിടക്കുകയുമാണ്. മിക്കയിടത്തും വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ മഴയിൽ മണ്ണ് ഒഴുകി മാറിയതിനെ തുടർന്ന് മുരിക്കുംതൊട്ടി, എൻ.ആർ സിറ്റി, രാജകുമാരി ഭാഗങ്ങളിൽ ടാറിംഗ് ഇടിഞ്ഞു തുടങ്ങി. പലയിടത്തും ടാറിംഗ് വിണ്ടുകീറിയിട്ടുമുണ്ട്. വശങ്ങൾ ക്രമപ്പെടുത്താത്തതിനാൽ ഓടകളും കുഴികളുമായി കിടക്കുകയാണ്. റോഡ് തിട്ടയായി ഉയർന്ന് നിൽക്കുന്നതും വാഹനങ്ങൾക്ക് ഭീഷണിയാണ്.