മൂലമറ്റം: മൂലമറ്റത്ത് 1985 മുതൽ പ്രവർത്തിച്ചു വരുന്ന ജില്ലാ പട്ടികജാതി ഓഫീസ് ഇടുക്കിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി വാളികുളം ആവശ്യപ്പെട്ടു. ഇതിനു മുമ്പും ഈ ഓഫീസ് ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നീക്കം നടന്നതാണ്. അന്ന് ശക്തമായ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.20 സ്ഥിരം ജീവനക്കാരും 6 താത്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂലമറ്റത്തും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് പട്ടികജാതി കുടുബങ്ങൾ താമസിക്കുന്നുണ്ട്. ഇടുക്കിയിലേക്ക് ഓഫീസ് മാറ്റിയാൽ 50 കിലോമീറ്റർ യാത്ര ചെയ്ത് വേണം അവിടെ എത്താൻ. ഇടുക്കിയിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ഓഫീസുകളിൽ ജീവനക്കാരുടെ കൃത്യമായ ഹാജർ നില ഇല്ലായെന്ന ആക്ഷേപം ഏറെ നാളായി നിലനിൽക്കുന്നുമുണ്ട്‌ . മൂലമറ്റത്ത് പ്രവർത്തിച്ചു വന്നിരുന്ന വിവിധ ഓഫീസുകൾ പല കാരണങ്ങൾ പറഞ്ഞ് ഇതിന് മുൻപും ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ കുറവ് മൂലമറ്റത്തെ വ്യാപാര മേഖലയേയും തളർത്തുകയാണ്.വർഷങ്ങളായി ഇവിടെ പ്രവർത്തിച്ച് വരുന്ന ജില്ലാ പട്ടിക ജാതി ഓഫീസ് മാറ്റുവാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും ടോമി വാളികുളം പറഞ്ഞു.