fireforce
അടിമാലി മിനി ഫയർ സ്റ്റേഷൻ

അടിമാലി: മഴക്കാലമാരംഭിക്കും മുമ്പേ അടിമാലി മിനി ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ട അപര്യാപ്തതകൾ പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി.. അടിമാലി, വെള്ളത്തൂവൽ, മാങ്കുളം തുടങ്ങി എട്ട് പഞ്ചായത്തുകളുടെയും ഇടുക്കിയും എറണാകുളവും അതിർത്തി പങ്കിടുന്ന നേര്യമംഗലം മേഖലയുമായി ചേർന്ന് കിടക്കുന്ന ചില പ്രദേശങ്ങളും അടിമാലി മിനിഫയർ സ്റ്റേഷന്റെ പരിധിയിലാണ്. ഓടി പഴകിയ ഫയർ എൻജിനും ഒരു മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും ഒരു വാട്ടർ ലോറിയും പേരിനുമാത്രമുള്ള സുരക്ഷ ഉപകരണങ്ങളും ഉപയോഗിച്ച് വേണം അസി. സ്റ്റേഷൻ ഓഫീസർ ഉൾപ്പെടുന്ന 22 ജീവനക്കാർ ഈ പ്രദേശങ്ങളിൽ അത്രയും സജീവ പ്രവർത്തനം നടത്താൻ. വാഹനാപകടമോ മറ്റ് പ്രകൃതി ദുരന്തമോ സംഭവിച്ചാൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് മാത്രമേ ഫോണിൽ നിന്ന് അടിമാലി ഫയർസ്റ്റേഷനുമായി ബന്ധപ്പെടാൻ സാധിക്കുന്നുവെന്നതാണ് മറ്റൊരു പരാധീനത. ന്യൂമാറ്റിക് എയർ ബാഗുൾപ്പെടെയുള്ള നൂതന സാങ്കേതിക ഉപകരണങ്ങളുടെ കുറവാണ് ജീവനക്കാർ അഭീമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളും വാഹനാപകടങ്ങളും സ്ഥിരമായുണ്ടാകുന്ന പ്രദേശങ്ങളിലൊന്നെന്ന പരിഗണനയിൽ വരാൻ പോകുന്ന മഴക്കാലത്തിന് മുമ്പ് അടിമാലി മിനി ഫയർസ്റ്റേഷന്റെ അപര്യാപ്തതകൾക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഫയർസ്റ്റേഷനിൽ ആദ്യം ഉണ്ടായിരുന്ന ഫയർഎൻജിൻ തകരാറിലായതിനെ തുടർന്ന് മൂന്നാറിൽ നിന്ന് എത്തിച്ച പകരം എൻജിനാണ് അടിമാലിയിലിപ്പോൾ ഉപയോഗിച്ച് വരുന്നത്. വിവിധ ഫയർസ്റ്റേഷനുകളിലേക്കെത്തിക്കാനായി സർക്കാർ വാങ്ങിയിട്ടുള്ള 15 പുതിയ എൻജിനുകളിൽ ഒന്ന് അടിമാലിക്കാണെന്നുള്ള സൂചന ജീവനക്കാർക്കും നാട്ടുകാർക്കും പ്രതീക്ഷ നൽകുന്നു. മിനിഫയർസ്റ്റേഷനായി പ്രവർത്തിച്ച് വരുന്ന അടിമാലി യൂണിറ്റ് ഫയർസ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നു.