ഇടുക്കി: കൂടുതൽ ഫീസ് നൽകാതെ ശുചീകരണവിഭാഗം തൊഴിലാളികളെ കബളിപ്പിച്ച് ഒന്നിലേറെ കടകളിൽ നിന്നുള്ള ജൈവമാലിന്യം കൈമാറാനുള്ള ശ്രമം അധികൃതർ പിടികൂടി. കടയുടമയിൽ നിന്ന് പിഴയും ഈടാക്കി. തൊടുപുഴ പച്ചക്കറി മാർക്കറ്റിലെ കടയുടമയാണ് തന്റെ ഉടമസ്ഥതയിലുളള ഒന്നിലേറെ കടകളിൽ നിന്നുള്ള പച്ചക്കറിമാലിന്യം നഗരസഭാവാഹനത്തിൽ കയറ്റി അയയ്ക്കാൻ നീക്കം നടത്തിയത്. ഒരോ മാസവും ജൈവമാലിന്യത്തിന്റെ തോത് അനുസരിച്ച് കൃത്യമായ ഫീസ് ഇടാക്കിയാണ് നഗരസഭ ഒരോ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത്. മാലിന്യത്തിന്റെ അളവ് അനുസരിച്ച് ആറായിരം, മൂവായിരം, ആയിരം എന്നിങ്ങനെയാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ, കൂടുതൽ ഫീസ് നൽകാതിരിക്കാനാണ് കടയുടമ തന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കടയിലെ മാലിന്യം കൂടി ഒരുമിച്ച് ഒരു കടയിൽ എത്തിച്ചത്. മാലിന്യം ശേഖരിക്കാൻ ശുചീകരണവിഭാഗം തൊഴിലാളികൾ എത്തിയപ്പോൾ അവർക്ക് അളവിൽ സംശയം തോന്നി ആരോഗ്യവിഭാഗം ജിവനക്കാരെ അറിയിച്ചു. തൊടുപുഴ നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ. നിഷാദിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ തട്ടിപ്പ് മനസിലായിപിഴ ഈടാക്കുകയായിരുന്നു.