തൊടുപുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തൊടുപുഴ ടൗണിലെ മീൻ കടകളിൽ പരിശോധന നടത്തി. പച്ചമീനിൽ വ്യാപകമായി രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് ഇന്നലെ ഉച്ചയ്ക്ക് ഫുഡ്സേഫ്‌റ്റി അസി. കമ്മിഷണർ കെ.പി. രമേശിന്റെയും തൊടുപുഴ സർക്കിൾ ഫുഡ്സേഫ്‌റ്റി ഓഫീസർ എസ്. അനഘയുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഫോർമാലിനോ അമോണിയയോ പോലുള്ള രാസവസ്തുക്കളൊന്നും കണ്ടെത്തിയില്ല. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് കടകൾക്ക് നോട്ടീസ് നൽകി. കടയിൽ ലൈസൻസ് പതിക്കാത്തതിനും ശുചിത്വം പാലിക്കാത്തതിനും ആവശ്യമായ ഐസ് ഉപയോഗിക്കാത്തിനുമാണ് നോട്ടീസ് നൽകിയത്. മീനിൽ ആവശ്യത്തിന് ഐസ് ഇടാത്തതിന് മങ്ങാട്ടുകവലയിലെയും കുമ്പംകല്ലിലെയും രണ്ട് കടകൾക്കാണ് നോട്ടീസ് നൽകിയത്. മീനിന്റെ തൂക്കത്തിന് തുല്യമായി തന്നെ ഐസ് ഉപയോഗിക്കണമെന്നാണ് നിയമം. എന്നാൽ പല കടകളും പകുതി തൂക്കം പോലും ഐസ് ചേർത്തിട്ടില്ലായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മീനുകളിൽ ആവശ്യത്തിന് ഐസ് ചേർത്തു. കുമ്പംകല്ലിലെ തന്നെ ഒരു കടയ്ക്ക് വൃത്തിഹീനമായി പ്രവർത്തിച്ചതിന് നോട്ടീസ് നൽകിയിട്ടുണ്ട്.. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കുമ്പം കല്ലിലെ രണ്ടും മുതലക്കോടത്തെയും തൊടുപുഴ ന്യൂമാൻ കോളേജിന് സമീപത്തെയും ഓരോ കടകൾക്ക് നോട്ടീസ് നൽകി. അഞ്ച് ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിച്ച് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഫുഡ്സേഫ്‌റ്റി അസി. കമ്മിഷണർ കെ.പി. രമേശ് അറിയിച്ചു. തൊടുപുഴ ടൗൺ, മങ്ങാട്ടുകവല, കുമ്പൻകല്ല്, മുതലക്കോടം എന്നിവിടങ്ങളിലെ ആറോളം കടകളിലാണ് പരിശോധന നടത്തിയത്. വെങ്ങല്ലൂർ ഭാഗത്തെ കടകളിൽ പരിശോധന നടത്തിയില്ല. ഇവിടെ പുലർച്ചെ മീൻ വണ്ടികളെത്തുന്ന സമയത്ത് പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മൂലമറ്റം, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിലും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്താനായില്ല. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധന പ്രത്യേക സ്ട്രിപ്പ് ഉപയോഗിച്ച്
മീനുകളിൽ രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച പേപ്പർ സ്ട്രിപ്പുകൾ ഉപയോഗിച്ച്. മീൻ കേടുകൂടാതെയിരിക്കാൻ അമോണിയ, ഫോർമലീ എന്നീ രാസവസ്തുക്കളാണ് സാധാരണ ചേർക്കുന്നത്. ഇതു കണ്ടെത്താനാണ് സ്ട്രിപ്പ് ഉപയോഗിക്കുന്നത്.
ഉപയോഗം ഇങ്ങനെ
1. സ്ട്രിപ്പിലേക്ക് കിറ്റിലെ ഒരു തുള്ളി രാസലായനി ഒഴിക്കുക.
2. രണ്ടു മിനിറ്റ് കഴിയുമ്പോൾ സ്ട്രിപ്പിന് നിറം മാറ്റമില്ലെങ്കിലോ പച്ച നിറമാണെങ്കിലോ മീനിന് കുഴപ്പമില്ല.
3. നീല നിറം വന്നാൽ അമോണിയ ഉറപ്പ്. നീലനിറം എത്ര കടുത്തുവരുന്നുവോ അത്രയും കടുപ്പത്തിലാണ് അമോണിയാ പ്രയോഗം എന്നുറപ്പിക്കാം.
4. ഫോർമലിൻ പരിശോധനയ്ക്ക് കിറ്റിലെ ബി എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് എ എന്ന് അടയാളപ്പെടുത്തിയ കുപ്പിയിലെ ലായനി ഒഴിക്കുക.
5. രണ്ടു മിനിറ്റ് നന്നായി കുലുക്കി യോജിപ്പിക്കുക.
6. സ്ട്രിപ്പ് മൽസ്യത്തിനു മേൽ മൂന്നുനാലു വട്ടം ഉരസുക.
7. സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കുക.
8.നിറം പച്ചയാണെങ്കിലോ നിറം മാറ്റമില്ലെങ്കിലോ ധൈര്യമായി ഉപയോഗിക്കാം, മായമില്ല.
9. നീലയായാൽ ഫോർമലിൻ ഉണ്ട്.
ബേക്കറിക്ക് നോട്ടീസ് നൽകി
ഇടവെട്ടിയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ സ്വീറ്റ് പൊറോട്ട കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കടയിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണമൊന്നും കണ്ടെത്തിയില്ലെങ്കിലും സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ രജിസ്ട്രേഷൻ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി.