മറയൂർ: കർഷകരെ പ്രലോഭിപ്പിച്ച് ഇടനിലക്കാർ മുഖേന വാങ്ങിയ ശേഷം നിലം നികത്തിയ സംഭവത്തിൽ വിജലൻസ് അന്വേഷണം ആരംഭിച്ചു. മറയൂർ വില്ലേജ് ഫീൽസ് അസിസറ്റ് തിരുവനന്തപുരം സ്വദേശി അനീഷ് രാജനെതിരെയാണ് എറണാകുളം സെൻട്രൽ സോൺ വിജിലൻസ് സംഘം മറയൂരിലെത്തി അന്വേഷണം നടത്തിയത്. നിലം നികത്തുന്നതിനും കൃഷിഭൂമി പുരയിടമാക്കി നൽകുന്നതിന് ഭാര്യയുടെ പേരിൽ പതിനൊന്ന് സെന്റ് സ്ഥലവും ഭാര്യ പിതാവിന്റെ പേരിലുമായി പതിനേഴ് സെന്റ് സ്ഥല പാരിതോഷികമായി വാങ്ങിയെന്ന പരാതിയിലാണ് അനേഷണം പുരോഗമിക്കുന്നത്. നികത്തിയ സ്ഥലത്തിന് മറയുർ പഞ്ചായത്ത് സെക്രട്ടറി കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയെന്ന പരാതിയും അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്
മറയൂർ വില്ലേജിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂറ് എക്കറിലധികം കരിമ്പിൻ പാടങ്ങളാണ് ഇടിച്ചു നിരത്തി അഞ്ച്, പത്ത് സെന്റ് എന്നിങ്ങനെ പ്ലോട്ടുകളാക്കി വിൽപ്പന നടത്തിവരുന്നത്. വരും കാലങ്ങളിൽ കൃഷി പ്രതിസന്ധിയിലാകുമെന്നും റവന്യു രേഖകളിൽ നിലം എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭൂമി വാങ്ങുന്നതിനായി ആരും എത്തില്ലെന്നും ധരിപ്പിച്ച് റോഡിന്റെ ലഭ്യത അനുസരിച്ച് സെന്റിന് പതിനായിരം രൂപ മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ എന്ന നിരക്കിലാണ് വാങ്ങുന്നത് പിന്നീട് ഇടിച്ച് നിരത്തി സെന്റിന് ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപവരെയുള്ള നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
നിലം പുരയിടമാക്കി മാറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ പക്കൽ നിന്നും കെട്ടിട നിർമ്മാനത്തിനുള്ള ബിൽഡിങ്ങ് പെർമിറ്റ് വാങ്ങി നൽകുന്നത് വരെയുള്ള നടപടികൾ ചെയ്തു കൊടുന്നത് വരെ ഒറ്റ പാക്കേജ് ആയിട്ടാണ് സംഘം ചെയ്തുകൊടുക്കുന്നത്.
നിലം എന്ന രേഖപ്പെടുത്തിയിരുന്ന സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനുള്ള അനുവാദം നൽകുന്ന ചുമതല പഞ്ചായത്ത് സെക്രട്ടറിക്ക് നിക്ഷിപ്തമായതിന് ശേഷമാണ് മറയൂർ മേഖലയിൽ വ്യാപകമായി കരിമ്പിൻ പാടങ്ങൾ നികത്തപ്പെട്ടത്. പാരിസ്ഥിതിക നാശം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും കെട്ടിട നിർമ്മാണത്തിന് അനുമതി വ്യാപകമായി നൽകി മറയൂർ പഞ്ചായത്ത് സെക്രട്ടറിയും അന്വഷണ പരിധിയിൽ വരുമെന്നാണ് സൂചന.