മുട്ടം: മലങ്കരയിൽ ഇന്നലെ വൈകിട്ട് മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങൾ അപകടത്തിൽപെട്ടു. മലങ്കര കനാൽ ക്രോസിങിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടങ്ങളുണ്ടായത്. തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന വാനും കാറുമാണ് അപകടത്തിൽപ്പെട്ടത്. പെയിന്റ് ഏജൻസി വാൻ നെടുങ്കണ്ടത്ത് ലോഡിറക്കിയ ശേഷം മൂവാറ്റുപുഴക്ക് പോകുകയായിരുന്നു . ഡ്രൈവർ ഷാജി, ഏജൻസിയിലെ ജീവനക്കാരൻ ഫൈസൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ബസിനെ മറികടന്ന് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. മഴയിൽ തെന്നിക്കിടന്ന റോഡിൽ വാഹനം നിർത്താനായില്ല. വാനിടിച്ച് റോഡരികിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി തൂൺ റോഡിലേക്ക് ചരിഞ്ഞു. മുട്ടം കെ.എസ്.ഇ.ബി. വകുപ്പധികൃതരെത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
വാനിടിച്ച് മിനിട്ടുകൾക്കുള്ളിൽ ഏതാനും മീറ്റർ അകലെ കാറും അപകടത്തിൽപ്പെട്ടു. തൊടുപുഴ സ്വദേശികളായ മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. കാറിന്റെ മുൻ ചക്രം പൊട്ടിയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമായത്.ബ്രേക്കിട്ടെങ്കിലും റോഡിലെ നനവ് മൂലം വാഹനം നിർത്താനായില്ല. കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു.