കുമളി: അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി കാണാൻ സഞ്ചാരികളുടെ തിരക്ക്. തിരക്ക് വർദ്ധിച്ചത് പ്രളയക്കെടുതിയിൽ അകപ്പെട്ട കുമളിയ്ക്ക് ഉണർവായി. തേക്കടിയുടെ മുഖ്യ ആകർഷണം തടാകത്തിലൂടെയുള്ള ബോട്ട് യാത്രയാണ്. ഒരു ദിവസം മൂവായിരത്തിലധികം വിനോദസഞ്ചാരികളാണ് ബോട്ട് സവാരി നടത്തി മടങ്ങുന്നത്. പെരിയാർ കടുവാസങ്കേതമായതിനാൽ ബോട്ട് യാത്രയിൽ വന്യ മൃഗങ്ങളെ നേരിട്ട് കാണാൻ സാധിക്കും. വനം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും എട്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഒരു ദിവസം അഞ്ച്
ട്രിപ്പുകളിലായി 40 സർവീസുകളാണ് നടത്തുന്നത്. രാവിലെ 7.30, 9.30, 11.15, 1.45, 3.30 എന്നീ സമയങ്ങളിലാണ് ഉല്ലാസയാത്ര നടത്തുന്നത്. തേക്കടി കാണാനെത്തുന്നവർ വനം വകുപ്പിന്റെ പാർക്കിംഗ് ഗ്രൗണ്ടിലെത്തി പ്രവേശന തുകയായ 45രൂപ നൽകണം. ഇവിടെ നിന്ന് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന വാഹനത്തിൽ വേണം ബോട്ട് ലാൻഡിംഗിൽ എത്താൻ. 20 രൂപയാണ് വാഹന ചാർജ്. ലാൻഡിംഗിൽ വനം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും കൗണ്ടറുകളിൽ നിന്ന് ഒരാൾക്ക് 255 രൂപ നിരക്കിൽ ടിക്കറ്റ് വാങ്ങി ബോട്ട് സവാരി നടത്താൻ സാധിക്കും. ഓൺലെെൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.