അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊന്നത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റ്യന്റെ നേത്യത്വത്തിലാണ് പാറത്തോട്ടിൽ നിരാഹാര സമരം ആരംഭിച്ചത്. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, സർക്കാർ പിരിച്ചെടുത്ത ദുരിതാശ്വാസ ഫണ്ട് പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട കർഷകർക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരം ആരംഭിച്ചത്.
നിരാഹാര സമരം അഡ്വ.സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ഡിസിസി സെക്രട്ടറി ജെയ്സൺ കെ ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കളപ്പുര, വി.കെ.മോഹനൻ നായർ, ജോസ് മുളഞ്ചിറ, എൻ എം ജോസ്, എം.വി. മാണി, അനീഷ് തോമസ്, ഷൈജോ ഇരുമല തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
കൊന്നത്തടി പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊന്നത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരംഅഡ്വ.സേനാപതി വേണു ഉദ്ഘാടനം ചെയ്യുന്നു