തൊടുപുഴ: ആടിയും പാടിയും കളിച്ചും ചിരിച്ചും നന്മയുടെ നറുമണം നാടെങ്ങും പരത്തുന്ന പൂക്കളായി മാറാൻ അവരൊരുങ്ങി. കുഞ്ഞുപുഷ്പങ്ങളായി ഗുരുദേവ ദർശനത്തിന്റെയും അറിവിന്റെയും അനന്തലോകത്തേക്ക് മെല്ലെ പിച്ചവച്ചു തുടങ്ങി. ലോകത്ത് ഒരു പാഠപുസ്തകത്തിലും കിട്ടാത്ത വിജ്ഞാനം ഈ രണ്ടു നാളിൽ അവർ സ്വായത്തമാക്കും. കേരളകൗമുദിയുടെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് 'ഗുരുപുഷ്പങ്ങൾ- 2019" ന് ഉത്സവാന്തരീക്ഷത്തിൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ തുടക്കമായി. ഇന്നലെ രാവിലെ മുതൽ 46 ശാഖകളിൽ നിന്നുള്ള കുട്ടികളുടെ വലിയ തിരക്കാണ് ചെറായിക്കൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ആകെ 1200 കുട്ടികളാണ് ഇന്നലെ മാത്രം ക്യാമ്പിൽ രജിസ്‌ട്രർ ചെയ്തത്. രാവിലെ 10 മണിയോടെ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശനെയും മറ്റ് ഭാരവാഹികളെയും വേദിയിലേക്ക് സ്വീകരിച്ചു. കുമാരിസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ദൈവദശകം ആലപിച്ച് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. തുടർന്ന് പുൽവാമയിലെ ഭീകരാക്രമണത്തിൽ ധീരരക്തസാക്ഷികളായ ജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് മൗനപ്രാർത്ഥന. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് 'ഗുരുപുഷ്പങ്ങൾ- 2019" എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറിയും യൂണിയൻ വൈസ് ചെയർമാനുമായ ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ക്യാമ്പ് വിശദീകരിച്ചു. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജയേഷ് .വി നന്ദിയും പറഞ്ഞു. ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ഗുരുസ്മരണ നടത്തി. തുടർന്ന് യൂണിയൻ കൺവീനർ ഡോ. കെ. സോമൻ കരിയർഗൈഡൻസ് ക്ലാസെടുത്തു. തുടർന്ന് ഉച്ചഭക്ഷണം. വിശ്രമത്തിന് ശേഷം ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകിട്ട് നാല് വരെ കുട്ടികൾ ആഘോഷപൂർവം ശ്രീനി ഈണത്തിന്റെ നേതൃത്വത്തിൽ നടന്ന പാട്ടുകൂട്ടത്തിൽ പങ്കാളികളായി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, വൈക്കം ബെന്നി ശാന്തി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അരുൺ ടി.ആർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ശരത് കുണിഞ്ഞി എന്നിവർ പങ്കെടുത്തു.
ശ്രീനാരായണ ദർശനം ഉൾകൊണ്ടാൽ നിങ്ങളാരും പാഴ്ചെടികളാകില്ല- പ്രീതി നടേശൻ
ആധ്യാത്മികതയും ഭൗതികതയും ചേർന്ന ശ്രീനാരായണ ദർശനം ഉൾകൊണ്ടാൽ ഒരു കുരുന്ന് പോലും പുഴുകുത്തുകളുള്ള പാഴ്ചെടികളാകില്ലെന്ന് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. കേരളകൗമുദിയുടെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് 'ഗുരുപുഷ്പങ്ങൾ- 2019" ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വരുംതലമുറയെ നന്മയുള്ളവരായി വാർത്തെടുക്കാൻ ഇത്തരം ക്യാമ്പുകൾ സഹായിക്കും. പാഠപുസ്തകങ്ങളിൽ നിന്നെല്ലാം വിട്ട് ആർത്തുല്ലസിക്കാൻ ഒരു അവസരമാണിത്. കുട്ടികളെല്ലാം ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി വളരണം. ഉപനിഷത്തിൽ പറയുന്നത് പോലെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും ദൈവമായി തന്നെ കാണണം. പണ്ടുള്ളവരേക്കാൾ അറിവും വിവരവും ഇക്കാലത്തെ തലമുറയ്ക്കുണ്ട്. നിങ്ങൾക്ക് എന്ത് വിവരം വേണമെങ്കിലും ഗൂഗിളിൽ നിന്ന് ലഭിക്കും. പക്ഷേ, അതിലെ നല്ലതും മോശവും നമ്മൾ തന്നെ തിരിച്ചറിയണം. ചെറുപ്പകാലത്ത് നാം പഠിക്കുന്ന നല്ല കാര്യങ്ങൾ വലുതായാലും നമ്മുടെ ഉള്ളിലുണ്ടാകും. നേരത്തെ കൂട്ടുകുടുംബങ്ങളായിരുന്നപ്പോൾ കുട്ടികളെ ശ്രദ്ധിക്കാനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ഉണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളിൽ അതില്ല. അവർക്ക് ഇത്തരം ക്യാമ്പുകൾ ഉപകരിക്കും. എന്തെങ്കിലും ത്യജിച്ചാലേ നമുക്ക് എന്തെങ്കിലും നേടാനാകൂ. മഴ വന്നാലും വെയിൽ വന്നാലും കൊടുങ്കാറ്റ് വന്നാലും അതിനെയെല്ലാം തരണം ചെയ്യാൻ നമ്മളെ ശ്രീനാരായണഗുരുദേവൻ സഹായിക്കുമെന്നും പ്രീതി പറഞ്ഞു.
ക്യാമ്പ് ഇന്ന് സമാപിക്കും
ഇന്ന് രാവിലെ 9.45 ന് പ്രാർത്ഥന, 10 മുതൽ 12 വരെ സി.ഡി. ബാബു ചങ്ങനാശ്ശേരി നയിക്കുന്ന ക്ളാസ് 'നാട്ടറിവ് ", 1.30 മുതൽ 3.30 വരെ ക്ളാസ് 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ", 3.30 മുതൽ ക്യാമ്പ് അവലോകനം. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആശംസകളർപ്പിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി, ശ്രീനാരായണ എംപ്ളോയിസ് ഫോറം സെക്രട്ടറി അജിമോൻ സി.കെ, സൈബർ സേന സെക്രട്ടറി സതീഷ് ഇ.കെ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അരുൺ ടി.ആർ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പ്രെമി രാജീവ്, ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.കെ രവീന്ദ്രൻ, അശോക് കുമാർ എന്നിവർ പ്രസംഗിക്കും. യോഗം ഡയറക്ടർ ജയേഷ്. വി സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ശരത് കുണിഞ്ഞി നന്ദിയും പറയും.
ഭക്തിസാന്ദ്രമായി ദൈവദശകം
രാവിലെ ഉദ്ഘാടനസമ്മേളനത്തിന് മുമ്പ് കുമാരിസംഘം പ്രവർത്തകർ ദൈവദശകം ആലപിച്ചത് ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. 46 ശാഖകളിൽ നിന്നുള്ള കമ്മറ്റിയംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരിസംഘം , മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടുതൽ കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കുന്ന മൂന്ന് ശാഖകൾക്ക് പ്രത്യേക പുരസ്‌കാരം നൽകും. അതുപോലെ മികച്ച ആൺ, പെൺ ഗുരുപുഷ്പങ്ങളെ ചടങ്ങിൽ ആദരിക്കും.