രാജാക്കാട്: അണക്കരയ്ക്ക് സമീപം വിൽപ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന 300 ഗ്രാം പൊതി കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ സഹിതം അറസ്റ്റ് ചെയ്തു. കടശ്ശിക്കടവ് കോളനിയിൽ ദൈവമാണ് (48) ഉടുമ്പൻചോല റേഞ്ച് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് സ്‌കൂട്ടറിനുള്ളിൽ നിന്ന് 53 പൊതികൾ കണ്ടെടുത്തത്. സ്ഥിരമായി കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് ചെറു പൊതികളാക്കി വിൽപ്പന നടത്തുന്നയാളാണ്. പൊതിയ്ക്ക് 500 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ഇയാൾ പിടിയിലായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ വിനേഷ്, സേവ്യർ, റെനി, പ്രകാശ്, സി.ഇ.ഒമാരായ ജോഫിൻ, ശശീന്ദ്രൻ, അരുൺ രാജ്, ജോഷി, ബിജി, മായ, ഷിബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.