രാജാക്കാട്: പന്നിയാർകുട്ടിയിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ചെളിയിൽ താഴ്ന്ന ചരക്ക് ലോറി യന്ത്രസഹായത്താൽ കെട്ടിവലിച്ച് മാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ പെയ്ത കനത്ത മഴയിൽ മലമുകളിൽ നിന്ന് വൻതോതിൽ മണ്ണും ചെളിയും ഒഴുകി ഇറങ്ങി റോഡിൽ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് കുറെയൊക്കെ നീക്കംചെയ്ത് ഗതാഗതം പുനരാരംഭിച്ചെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ പാടുപെട്ടാണ്. ഒരു വശത്ത് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് വീതി തീർത്തും കുറവാണ്. ഇതുമൂലം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ സമയമെടുത്താണ് കടന്നുപോകുന്നത്. രാജാക്കാട്- പൊന്മുടി- കല്ലാർകുട്ടി സംസ്ഥാന പാതയുടെ ഭാഗമാണിവിടം. എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളെ രാജാക്കാട്, പൂപ്പാറ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രളയകാലത്ത് ഉരുൾപൊട്ടലുകളും മലയിടിച്ചിലും മൂലം പന്നിയാർകുട്ടി, എസ്. വളവ് ഭാഗങ്ങളിൽ നിരവധിപ്പേർ മരിയ്ക്കുകയും വീടുകളും കടകളും തകരുകയും ചെയ്തിരുന്നു. 15 ദിവസത്തോളം മുടങ്ങിക്കിടന്ന ഗതാഗതം ഏറെ പാടുപെട്ടായിരുന്നു പുനരാരംഭിച്ചത്. തുടർന്ന് മഴ പെയ്യുമ്പോഴെല്ലാം നിരന്തരം മണ്ണിടിച്ചിൽ ഉണ്ടായിക്കൊണ്ടിരുന്നു. തുടർന്ന് പലതവണ ഗതാഗതവും മുടങ്ങി. റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി അപകടാവസ്ഥയിൽ നിന്നിരുന്ന ഭാഗങ്ങൾ നീക്കം ചെയ്ത് പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ജോലികൾ നടക്കുകയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിൽ ഈ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. ബസുകൾ വൈകുന്നത് വിദ്യാർത്ഥികളെയും ജോലിക്കാരെയുമാണ് ഏറ്റവും ബുദ്ധിമുട്ടിയ്ക്കുന്നത്. നൂറടിയിലേറെ ഉയരത്തിൽ കുത്തനെ ഇടിഞ്ഞ് നിൽക്കുന്ന മലയുടെ ചുവട്ടിലൂടെ ഭീതിയോടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.