ഇടുക്കി : സംസ്ഥാനത്ത് പ്രീമെട്രിക്ക് തലത്തിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകി വരുന്ന വിദ്യാഭ്യാസ അനുകൂല്യങ്ങൾ ഇനി മുതൽ ഇഗ്രാൻസ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതുവരെ ഐ.ടി.@ സ്‌കൂൾ (കൈറ്റ്) വഴിയാണ് ഇവ നൽകിയിരുന്നത്. പുതിയ സംവിധാനത്തിലൂടെ വിദ്യാർത്ഥികളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിദ്യാഭ്യാസ അനുകൂല്യങ്ങൾ ലഭ്യമാകും. ഇഗ്രാൻസ് പോർട്ടലിലേക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ അതത് സ്‌കൂളുകൾ ഡേറ്റാ എൻട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ്ണ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ് സ്‌കൂളുകൾക്കും പട്ടികജാതി വികസന വകുപ്പ് വഴി യുസർ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതിനു പകരം വിദ്യാർത്ഥികൾക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനനിരതമാണെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം. വിദ്യാർത്ഥികളുടെ സ്വന്തം പേരിലോ, മാതാപിതാക്കളുമായി ചേർന്നുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകളോ രജിസ്‌ട്രേഷന് ഉപയോഗിക്കാം. എന്നാൽ മാതാപിതാക്കളുടെ മാത്രം പേരുള്ള ബാങ്ക് അക്കൗണ്ടുകൾ അനുവദിക്കില്ല.