ചെറുതോണി: ഭൂരഹിതരും ഭവന രഹിതരുമായ മുഴുവൻ തോട്ടം തൊഴിലാളികൾക്കും സ്ഥലവും വീടും നൽകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഓരോ തൊഴിലാളിക്കും 10 സെന്റ് സ്ഥലവും താമസിക്കാൻ കഴിയുന്ന വീടും എന്ന ആവശ്യം ഉന്നയിച്ച് സി.ഐ.ടി.യുവും സി.പി.എമ്മും നിരന്തര പോരാട്ടത്തിലാണ്. ഈ ആവശ്യം ഉന്നയിച്ചാണ് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ സമരം നടന്നുവരുന്നത്. 2007 ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2700 പേർക്ക് കുറ്റിയാർവാലിയിൽ 10 സെന്റ് സ്ഥലം വീതം അനുവദിച്ച് ഉത്തരവായിരുന്നു. സ്ഥലത്തിന്റെ അതിരുകൾ നിർണ്ണയിക്കുകയും 2700 പേർക്ക് പട്ടയം നൽകുകയും ചെയ്തു. എന്നാൽ ഓരോരുത്തരുടെയും സ്ഥലം ഏതാണെന്നു വ്യക്തമാക്കി ഉടമകൾക്ക് കൈമാറുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. തോട്ടം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സമരങ്ങൾക്ക് സി.പി.എം എല്ലാ പിന്തുണയും നൽകുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.
ബി.ജെ.പി അവലോകന യോഗം
തൊടുപുഴ: ബി.ജെ.പി ഇടുക്കി പാർലമെന്റ് മണ്ഡലം തല തിരഞ്ഞെടുപ്പ് അവലോകന യോഗം തൊടുപുഴയിൽ ചേർന്നു. ബി.ജെ.പി ഇടുക്കി പാർലമെന്റ് മണ്ഡലം കൺവീനർ പി.എ. വേലുക്കുട്ടന്റെ അദ്ധ്യക്ഷനായ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഘലാസംഘടനാ സെക്രട്ടറി എൽ. പത്മകുമാർ മാർഗനിർദേശം നൽകി. അവലോകന യോഗത്തിൽ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ നന്ദി അറിയിച്ചു. പി.പി. സജീവ്, കെ.എസ്. അജി, ഷാജി നെല്ലിപ്പറമ്പിൽ, ജെ. ജയകമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഉപരി പ്രവർത്തകർ പങ്കെടുത്തു.
മരതൈകൾ വിതരണത്തിന്
ഇടുക്കി: വനംവന്യജീവി വകുപ്പ് ഇടുക്കി സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹരിത കേരളം പദ്ധതി പ്രകാരം ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലയിലെ ഹരിതവത്കരിക്കാൻ വേണ്ടി മരത്തൈകൾ തയ്യാറാക്കിയിരിക്കുന്നു. ചെറുനാരകം, പ്ലാവ്, ഞാവൽ, പേര, നെല്ലി, കുടംപുളി, ആഞ്ഞിലി, തേക്ക്, ഇലഞ്ഞി, കണിക്കൊന്ന, മണിമരുത്, ദന്തപ്പാല, ആര്യവേപ്പ്, മുള, ചാമ്പ, ലക്ഷ്മിതരു, മുള്ളാത്ത എന്നീ ഇനങ്ങളിൽപെട്ട തൈകൾ തൊടുപുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ കുടയത്തൂർ, മുട്ടം എന്നീ നഴ്സറികളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447979142, 9495274040, 8547550583 നമ്പരുകളിൽ ബന്ധപ്പെടണം.