തൊടുപുഴ: ആവേശം വാനോളമുയർത്തി ഓരോ കുരുന്നും ആനന്ദനൃത്തമാടുന്ന പുഷ്പോത്സവമായി 'ഗുരുപുഷ്പം- 2019" മാറി. കേരളകൗമുദിയുടെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തിയ അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് 'ഗുരുപുഷ്പങ്ങൾ- 2019" കുട്ടികൾക്ക് ഊർജസ്രോതസായി മാറി. രാവിലെ മുതൽ ആവേശത്തോടെയാണ് കുട്ടികൾ ക്യാമ്പിനെത്തിയത്. ഇന്ന് പുതിയതായി നിരവധിപ്പേരാണ് രജിസ്ട്രർ ചെയ്ത് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ 9.45ന് ഭക്തിനിർഭരമായി പ്രാർത്ഥനയോടെയാണ് ക്യാമ്പ് തുടങ്ങിയത്. 10 മുതൽ 12 വരെ സി.ഡി. ബാബു ചങ്ങനാശേരി നയിക്കുന്ന ക്ളാസ് 'നാട്ടറിവ് " പുതുതലമുറയ്ക്ക് നാട്ട് വിശേഷങ്ങൾ അറിയാനുള്ള അവസരമായി. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ലോകത്ത് ജീവിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് നാടൻ കലകളെക്കുറിച്ചും നാടൻപാട്ടിനെക്കുറിച്ചും നാട്ടിൻപുറത്തെ ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള അറിവ് സരളമായി അദ്ദേഹം പകർന്ന് നൽകി. 12 മുതൽ 1.30 വരെ കേരളാ പൊലീസ് ജനമൈത്രി ട്രെയ്നർ കെ.പി. അജേഷ് നയിച്ച ക്ലാസ് 'കുട്ടികൾക്കൊരു വഴികാട്ടി' കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ വഴികാട്ടിയായി. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളും ലഹരിയുടെ പിടിയിലകപ്പെടാതിരിക്കാൻ ശ്റദ്ധിക്കേണ്ടതിനെക്കുറിച്ചും എല്ലാ ദിവസവും പത്രം വായിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. ക്ലാസിനിടയ്ക്ക് അടിച്ചുപൊളി പാട്ടിനൊപ്പം ചുവടുവയ്ച്ച് കുട്ടികൾ പൊലീസിന്റെ കൂട്ടുകാരായി മാറി. ഉച്ചഭക്ഷണത്തിന് ശേഷം 1.45 മുതൽ കോട്ടയം ഐ.സി.സി.എ.ഐ ട്രെയ്നിംഗ് ലീഡർ അഭിലാഷ് ജോസഫ് നയിച്ച 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ" കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാട് തന്നെ മാറ്രിമറിച്ചു. ആത്മവിശ്വാസമുള്ളവരായി വളർന്ന് ജീവിതവിജയം നേടുന്നതെങ്ങനെയെന്ന് ലളിതമായി അദ്ദേഹം വിവരിച്ചു. തുടർന്ന് അവലോകനമായതോടെ ക്യാമ്പ് തീരുന്നതിന്റെ വിഷമത്തിലായിരുന്നു എല്ലാവരും. രണ്ട് ദിവസത്തെ ക്യാമ്പ് രണ്ട് നിമിഷം കൊണ്ട് തീർന്നത് പോലെയാണ് തോന്നിയതെന്ന് ഗുരുപുഷ്പങ്ങളെല്ലാം ഓരേ സ്വരത്തിൽ പറഞ്ഞു. വരും വർഷങ്ങളിലും തീർച്ചയായും ഗുരുപുഷ്പങ്ങളായെത്തുമെന്ന് അവർ പറഞ്ഞു. വൈകിട്ട് നാലിന് നടന്ന ഔദ്യോഗിക സമാപന സമ്മേളനം 'ഗുരുപുഷ്പങ്ങൾ" കൈയടക്കി ആഘോഷമാക്കി മാറ്റി. കട്ടപ്പന പോത്തിൻകണ്ടത്ത് നടന്ന മേഖലാ കലോത്സവത്തിൽ വിജയികളായ കുസുമപ്രിയ പ്രകാശ് (ചിത്രരചന രണ്ടാം സ്ഥാനം), ശ്രീനന്ദ ശിവദാസ് (വ്യാഖ്യാനം മൂന്നാംസ്ഥാനം) എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും യൂണിയൻ കൺവീനർ ഡോ. കെ. സോമനും ചെയർമാൻ എ.ബി. ജയപ്രകാശും ചേർന്ന് വിതരണം ചെയ്തു. ക്യാമ്പിൽ വിനായകഅഷ്ടകം നൃത്താവിഷ്‌കാരം അവതരിപ്പിച്ച കുണിഞ്ഞി ശാഖയിലെ കുട്ടികൾക്ക് യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് പുരസ്കാരം നൽകി. 'ലൈഫ് ഈസ് ബ്യൂട്ടീഫുൾ" ക്ലാസിൽ മികച്ച പ്രകടനം നടത്തിയ ഗുരുപുഷ്പം അനുവിന് യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ പുരസ്കാരം നൽകി. ക്യാമ്പിലെ മികച്ച ഗായകനുള്ള പുരസ്കാരം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് നൽകി. യോഗം ഡയറക്ടർ ജയേഷ് വി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് പി.ജെ, ശ്രീനാരായണ എംപ്ളോയിസ് ഫോറം സെക്രട്ടറി അജിമോൻ സി.കെ, സൈബർ സേന സെക്രട്ടറി സതീഷ് ഇ.കെ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അരുൺ ടി.ആർ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പ്രെമി രാജീവ്, കുമാരിസംഘം പ്രസിഡന്റ് അശ്വതി സോമൻ, സെക്രട്ടറി അപർണ ബിജു, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശരത്ചന്ദ്രൻ കുണിഞ്ഞി എന്നിവർ പങ്കെടുത്തു. സമാപനസമ്മേളനത്തിന് ശേഷം യൂത്ത്മൂവ്മെന്റ് പ്രവർത്തകനായ മനുരാജിന്റെ നേതൃത്വത്തിൽ പാട്ടുംനൃത്തവുമായി അടിച്ചുപൊളിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്.
ഈ ശാഖകൾക്ക് പുരസ്കാരം
ഏറ്റവും കൂടുതൽ കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം ഉടുമ്പന്നൂർ ശാഖയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനംകഞ്ഞിക്കുഴി, വഴിത്തല ശാഖകൾ പങ്കിട്ടു. മൂന്നാം സ്ഥാനം കുടയത്തൂർ,
കുളപ്പാറ ശാഖകൾ പങ്കിട്ടു. ജൂൺ ഒന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെങ്ങല്ലൂരിൽ ഐ.ടി.ഐ മന്ദിരോദ്ഘാടനത്തിനെത്തുമ്പോൾ പുരസ്കാരങ്ങൾ സമ്മാനിക്കും.