നെടുങ്കണ്ടം: ബാലഗ്രാമിൽ 500 രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ.തമിഴ്നാട് തേവാരം മുതൽ സ്ട്രീറ്റ് അരുൺകുമാറാണ് (ഗണപതി, 24) അറസ്റ്റിലായത്. പൊലീസ് റെയ്ഡിനിടെ ഇയാളുടെ കൂട്ടാളി
തമിഴ്നാട് ഗൂഡല്ലൂർ രാജീവ്ഗാന്ധിനഗർ സ്വദേശി ഭാസ്‌കരൻ (45) ഓടിരക്ഷപെട്ടു. ഇരുവരും ബാലഗ്രാമിൽ സ്വാകാര്യ പശുഫാമിലെ ജീവനക്കാരാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ശനിയാഴ്ച തൂക്കുപാലം ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ സംഘം കള്ളനോട്ട് മാറിയെടുത്തു. ബിവറേജിലെ ജീവനക്കാർക്ക് സംശയം തോന്നി ഗണപതിയുടെയും ഭാസ്‌കരന്റെയും പിന്നാലെ എത്തി. ഇതോടെ ഇരുവരും ആട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. ബിവറേജിലെ ജീവനക്കാർ തൂക്കുപാലത്തെ ഒരു ആട്ടോറിക്ഷ ഡ്രൈവറോട് വിവരം പറഞ്ഞു. ഇയാൾ ഗണപതിയും ഭാസ്‌കരനും സഞ്ചരിച്ചിരുന്ന ആട്ടോറിക്ഷയുടെ ഡ്രൈവറെ ഇക്കാര്യം വിളിച്ചറിയിച്ചു. ഇതിനിടെ ആട്ടോറിക്ഷ ഡ്രൈവർക്കും സംഘം 500 രൂപയുടെ കള്ളനോട്ട് കൂലിയായി നൽകിയിരുന്നു. തുടർന്ന് ആട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ താമസസ്ഥലം മനസിലാക്കിയ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ 15 നോട്ടുകൾ കണ്ടെത്തി. ഭാസ്‌കരനാണ് ഗണപതിക്ക് കള്ളനോട്ട് നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.