വണ്ടിപ്പെരിയാർ: വിഷം ഉള്ളിൽ ചെന്നു പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗുരുതരാവസ്ഥയിലെത്തിച്ച ആദിവാസി യുവാവിനെ വിദഗ്ദ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായി ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് സേവനം ലഭിച്ചില്ല. ഗുരുതരാവസ്ഥയിലായ യുവാവിനെ 20 കിലോമീറ്റർ അകലെ പീരുമേട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയത് വനം വകുപ്പ് വാഹനത്തിൽ. ഇവിടെ നിന്ന് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്. പെരിയാർ കടുവാ സങ്കേതം വനത്തിൽ വനംവകുപ്പിന്റെ കോട്ടേഴ്സിൽ താമസിക്കുന്ന യുവാവിനെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ബന്ധുക്കൾ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്നു വനപാലകർ ജീപ്പിൽ കയറ്റി പെരിയാർ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശം നൽകിയതോടെയാണ് ആംബുലൻസ് സേവനത്തിനായി വനപാലകർ ശ്രമം നടത്തിയെങ്കിലും വാഹനം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യനില വഷളായ യുവാവിനെ വള്ളക്കടവ് റേഞ്ചിലെ റേഞ്ച് ഓഫീസർ ആർ. അജയൻ ഇടപെട്ട് വനം വകുപ്പിന്റെ വാഹനത്തിൽ പീരുമേട്ടിലെ ആശുപത്രിയിൽ എത്തിച്ച് ആദിവാസി ക്ഷേമ വകുപ്പ് അധികൃതരെ ഏൽപ്പിച്ചു.

മുമ്പും സമാന സംഭവം,​ നടപടിയില്ല
സമാനമായ ആരോപണം നേരത്തെയും ആശുപത്രിയ്ക്ക് എതിരായി ഉണ്ടായിട്ടുണ്ടെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും ചികത്സയ്ക്കായുള്ള ഏക ആശ്രയ കേന്ദ്രമാണിത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും പഴയ പാറ്റേൺ ഇതുവരെ മാറ്റിയിട്ടില്ല. ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് നാല് പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. ഇവരിൽ രണ്ടു പേർ കോൺഫറൻസ്, ക്യാമ്പ് ആവശ്യങ്ങൾക്കായി പുറത്തേക്ക് പോവുമ്പോൾ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ദിനവും എഴുന്നൂറോളം പേരാണ് ഒ.പി ടിക്കറ്റിൽ ചികിത്സ തേടിയെത്തുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്ക് പണികൾ പൂർത്തിയാക്കീട്ടും ജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല. സ്ത്രീ, പുരുഷ വാർഡുകളിലായി രോഗികളെ കിടത്തി ചികിത്സ ഉണ്ട്. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊട്ടരക്കര- ദിണ്ഡുക്കൽ ദേശിയ പാതയോട് ചേർന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാൽ റോഡ് അപകടങ്ങൾ ഉണ്ടായാൽ രാത്രി സമയം കിലോ മീറ്റർ അകലെയുള്ള പീരുമേട് താലൂക്ക് ആശുപത്രിയെ വേണം ആശ്രയിക്കാൻ.

'ആശുപത്രിയുടെ ആംബുലൻസിന്റെ സീറ്റ് ഒടിഞ്ഞതിനെ തുടർന്ന് വർക്ക്‌ഷോപ്പിലാണ്. ഇതിന്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാലാണ് ആംബുലൻസ് സേവനം ലഭിക്കാതിരുന്നത്. പഞ്ചായത്തിന്റെ അംബുലൻസ് ലഭിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് മറ്റൊരു അശുപത്രി കേസുമായി ഓട്ടത്തിലാണെന്നുമാണ് അറിയാൻ കഴിഞ്ഞത്."

- മെഡിക്കൽ ഓഫീസർ
സാമൂഹിക ആരോഗ്യ കേന്ദ്രം