രാജാക്കാട് : ഡിഗ്രീ പരീക്ഷയിൽ ഒന്നും രണ്ടും ഉൾപ്പെടെ 13 റാങ്കുകൾ കൈവരിച്ച രാജകുമാരിയെന്ന ഗ്രാമത്തിൽ വീണ്ടും ഒന്നാം റാങ്കിന്റെ സുവർണ്ണത്തിളക്കം. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള നടത്തിയ ബിരുദാനന്തര ബിരുദ കോഴ്സായ 'പൊതു ഭരണ പഠന വിഭാഗം' പരീക്ഷയിൽ രാജകുമാരി കണ്ടത്തിപ്പാലം കാഞ്ഞിരത്തുങ്കൽ ലിൻസ് ജോസാണ് ജില്ലയ്ക്കാകെ അഭിമാനിയ്ക്കാവുന്ന നേട്ടം കൈവരിച്ചത്. കർഷകനും വ്യാപാരിയുമായ കെ.ജി. ജോസിന്റെയും ഭാര്യ ലിസിയുടെയും മൂത്ത മകളായ ലിൻസ് പാലാ അൽഫോൻസാ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടി. തുടർന്ന് എം.എയ്ക്ക് കാസർകോട് യൂണിവേഴ്സിറ്റിയിൽ ചേർന്ന് 'പബ്ളിക് അഡ്മിനിസ്‌ട്രേഷൻ ആന്റ് പൊളിറ്റിക്കൽ സ്റ്റഡീസ്' എന്ന 'പൊതു ഭരണ പഠന വിഭാഗം' പ്രധാന വിഷയമായി തിരഞ്ഞെടുക്കുകയായിരുന്നു. പഠനത്തോടൊപ്പം മോണോ ആക്ട്, നാടകം തുടങ്ങി കലാ രംഗത്തും ലീന സജീവമാണ്. സബ് ജില്ലാ കലോത്സവത്തിൽ പലതവണ കലാ പ്രതിഭയായിരുന്നു. പി.എച്ച്.ഡി, സിവിൽ സർവീസ് എന്നിവയാണ് ഭാവിയിലെ ലക്ഷ്യങ്ങൾ. ലിജോ ജോസാണ് സഹോദരൻ.