മറയൂർ: മറയൂർ മേഖലയിലെ കരിമ്പ് പാടങ്ങൾ നികത്തി പ്ലോട്ടാക്കി വിൽപന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശ് പറഞ്ഞു. മറയൂരിലെ കരിമ്പ് പാടങ്ങൾ വ്യാപകമായി മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് നികത്തി പ്ലോട്ടുകളാക്കി മറിച്ചു വില്പന നടത്തുന്നതായി മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായി കളക്ടർ അറിയിച്ചു. മറയൂരിൽ അടുത്ത കാലം വരെ വളരെ സജീവമായി കരിമ്പ് കൃഷി ചെയ്തിരുന്ന പാടങ്ങൾ നികത്തി പ്ലോട്ടുകളാക്കി വില്പന നടത്തിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. മറയൂരിൽ നിലം വിഭാഗത്തിൽപ്പെടുന്ന ഭൂമി നികത്തി പ്ലോട്ടുകളാക്കി വിൽപ്പന നടത്താതിരിക്കാൻ ഈ സ്ഥലങ്ങളുടെ രജിസ്‌ട്രേഷൻ നടത്തരുതെന്ന നിർദ്ദേശം ദേവികുളം സബ് രജിസ്ട്രാർ ഓഫീസർക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവികുളം സബ് കളക്ടർ ഡോ. രേണു രാജിന് നിർദ്ദേശം നൽകിയതായും കളക്ടർ പറഞ്ഞു. ഈ റിപ്പോർട്ട് കിട്ടുന്നതനുസരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കുടിവെള്ള സ്രോതസുകളെയും നീരൊഴുക്കിനെയും തടഞ്ഞ് നിലം നികത്തുന്നതു മൂലം ഈ പ്രദേശത്തിന്റെ ഭാവിയെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.