മറയൂർ: മൂന്നാർ- മറയൂർ സംസ്ഥാന പാതയിൽ ലക്കത്തെ കുരുക്കിൽ ജില്ലാ കളക്ടറും കുടുങ്ങി. വിനോദ സഞ്ചാര മേഖലയായ ലക്കം വെള്ളച്ചാട്ടം ഭാഗത്തെ ഗതാഗത കുരുക്കിൽപ്പെട്ട് ഒരു മണിക്കൂറോളം ജില്ലാ കളക്ടർ എച്ച്. ദിനേശിന്റെ വാഹനം കിടന്നു. മറയൂർ, കാന്തല്ലൂർ മേഖല സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കുരുക്കിൽപ്പെട്ടു കിടന്ന കളക്ടർ ഉടനടി വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വാഹനങ്ങൾ കുരുക്കിൽ പെടാതെ കടത്തിവിടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഞായറാഴ്ച ദിവസമായതിനാൽ തമിഴ്നാട്ടിൽ നിന്നും മറ്റു മേഖലകളിൽ നിന്നും ആയിരക്കണക്കിന് വാഹനങ്ങളാണ് മറയൂർ, മൂന്നാർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയത്. ലക്കം വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് പാതയുടെ ഇരുവശവും അനധികൃതമായ പെട്ടി കടകളും വാഹനങ്ങൾ ക്രമം തെറ്റിച്ച് പാർക്ക് ചെയ്യുന്നതുമാണ് ഇവിടെയുള്ള ഗതാഗതക്കുരുക്കിന് പ്രധാന കാരണം. അനധികൃത പെട്ടിക്കടകൾ റോഡിനോട് ചേർന്നിരിക്കുന്നതിനാൽ ഈ ഭാഗത്തെ ടാറിംഗ് പോലും നടത്താൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ മൂലം ഈ വ്യാപാര സ്ഥാപനങ്ങളെ ഒഴിപ്പിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രമവും വിജയിച്ചില്ല.