പീരുമേട്: വഴിയാത്രകരുടെ സമയോചിത ഇടപെടലിനെ തുടർന്ന് ലോറിയിൽ മാലിന്യവുമായെത്തിയ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങി. ശനിയാഴ്ച രാത്രി കുട്ടിക്കാനം- കട്ടപ്പന സംസ്ഥാന പാതയിലാണ് സംഭവം. കുട്ടിക്കാനം സ്വദേശികളായ യാത്രികർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടന്ന ലോറിയിൽ നിന്ന് അതീവ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് യാത്രികർ ലോറിയെ പിന്തുടർന്നു. ഇത് ശ്രദ്ധയിൽപെട്ട സംഘം മാലിന്യം തള്ളാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഈ പാതയോരത്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. പ്രദേശത്ത് അറവുമാലിന്യമടക്കമുള്ള തള്ളുന്നതിനാൽ അതീവ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. സ്ഥിരം സംഭവമായതിനാൽ മാലിന്യം നിക്ഷേപിക്കുന്ന പ്രധാന ഇടങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്.