തൊടുപുഴ: തിരക്കേറിയ ടൗണിന് നടുക്ക് റോഡരികിൽ നിറുത്തിയിട്ട കാറിനുള്ളിൽ മണിക്കൂറുകളോളം മയങ്ങിയ യുവാവ് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഇന്നലെ രാത്രി എട്ട് മണിയോടെ തൊടുപുഴ ജിനദേവൻ റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം. ആക്സിസ് ബാങ്ക് എ.ടി.എമ്മിനും ബിവറേജസ് ഔട്ട്‌ലെറ്റിനും മുമ്പിലായാണ് നീല നിറത്തിലുള്ള ഇയോൺ കാർ പാർക്ക് ചെയ്തിരുന്നത്. വൈകിട്ട് ആറ് മണി മുതൽ റോഡരികിൽ കിടക്കുന്നതാണ് കാർ. ഡ്രൈവിംഗ് സീറ്റിൽ ഒരു യുവാവ് കിടക്കുന്നുണ്ട്. രാത്രി എട്ട്മണിയായിട്ടും അനക്കമില്ലാതായതോടെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയവരും സമീപത്തെ വ്യാപാരികളും ആട്ടോറിക്ഷാ ഡ്രൈവർമാരും കാറിനടുത്തെത്തി. എസി ഇട്ടിരുന്നതിനാൽ കാറിന്റെ ഗ്ലാസിലെല്ലാം പുക മൂടിയിരുന്നു. പലതവണ കാറിൽ തട്ടിയെങ്കിലും യുവാവ് ഉണർന്നില്ല. ശ്വാസം കിട്ടാതെ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോയെന്ന് ഭയന്ന് കൂടിനിന്നവർ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. ഇതിനിടെ കൂട്ടത്തിൽ ചിലർ ചേർന്ന് ശക്തമായി കാർ കുലുക്കിയതിനെ തുടർന്ന് യുവാവ് ചാടി ഉണർന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവ് പതിയെ പിൻസീറ്റിലേക്ക് മാറി വീണ്ടും കിടന്ന് ഉറങ്ങി. ഇതിനിടെ പൊലീസെത്തി ഇയാളെ പുറത്തിറക്കിയപ്പോഴാണ് കാര്യം വ്യക്തമായത്. മദ്യപിച്ച് അവശനായപ്പോൾ കാർ ഓടിക്കാനാവാതെ നിറുത്തിയിട്ട് കിടന്നുറങ്ങിയതാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കാർ ഓടിക്കാനറിയാവുന്ന സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ചുവരുത്തി വീട്ടിൽ പോകാൻ പൊലീസ് പറഞ്ഞെങ്കിലും അങ്ങനെ ആരും വരാനില്ലെന്നായിരുന്നു കുമാരമംഗലം സ്വദേശിയായ യുവാവിന്റെ മറുപടി. തുടർന്ന് പൊലീസ് കാർ കസ്റ്റഡിയിലെടുത്ത ശേഷം യുവാവിനോട് ആട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ നിർദ്ദേശിച്ചു. കാർ തിരികെ ലഭിക്കുന്നതിന് ഇന്ന് സ്വബോധത്തോടെ പൊലീസ് സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. ബിവറേജസ് ഔട്ട്‌ലെറ്റ് വന്നതോടെ ഈ ഭാഗത്ത് മദ്യപശല്യം രൂക്ഷമാണ്.