വണ്ടിപ്പെരിയാർ: വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരിക്ക്. മധുരയ്ക്കു സമീപം വിരുതനഗർ സ്വദേശികളായ ഇന്ദു മതി (68), ഭാനുമതി (58), ബാലസത്യ (36), കവിത (45), അശോക് കുമാർ (50 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് എത്തിയ 13 അംഗ സംഘത്തിലെ അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുമളിയിൽ നിന്ന് വാടകയ്ക്ക് എടുത്ത ജീപ്പിൽ വള്ളക്കടവ് വഴി സത്രത്തിലെ ഒന്നാം പോയിന്റിലെത്തിയപ്പോഴായിരുന്നു അപകടം. രണ്ട് ജീപ്പുകളിലാണ് വിനോദ സഞ്ചാരികൾ എത്തിയത്. ഇതിൽ ഒരു ജീപ്പിലുള്ള പ്രായമായ നാല് പേർ ഇറങ്ങിയിരുന്നില്ല. ജീപ്പ് റോഡിൽ നിറുത്തി സ്ഥലത്തിന്റെ വിവരങ്ങൾ നൽകാൻ ഡ്രൈവർ ഇറങ്ങി. ഇതിനിടെ വാഹനം കല്ലിന് മുകളിലൂടെ ഉരുണ്ട് നീങ്ങി റോഡിൽ നിന്ന ഒരാളെ ഇടിച്ചിട്ട ശേഷം മറിയുകയായിരുന്നു. സാമൂഹ്യ അരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം ഇവരെ വിരുതനഗറിലേക്ക് കൊണ്ടു പോയി.