തൊടുപുഴ: ഇടുക്കിയിൽ ആര് വാഴും, ആര് വീഴും. അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എക്സിറ്റ് പോളുകൾക്കും രാഷ്ട്രീയപാർട്ടികളുടെ കണക്കുകൂട്ടിലുകൾക്കുമെല്ലാം അപ്പുറമുള്ള യഥാർത്ഥ സത്യം നാളെയറിയാം. എക്സിറ്റ് പോളുകൾക്ക് ശേഷം ആത്മവിശ്വാസത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. എന്നാൽ 59,000 വോട്ടുകളുടെ ലീഡ് നേടി ഡീൻ കുര്യാക്കോസ് വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. വിജയത്തിൽ നിർണായകമായേക്കാവുന്ന തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് 15000 വോട്ടിനെങ്കിലും ലീഡ് ചെയ്യുമെന്ന് സി.പി.എം തന്നെ പറയുന്നു. തൊടുപുഴയിൽ ഡീൻ 25000 വോട്ടിന്റെ ലീഡ് നേടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഡീനിന് ഇതിനടുത്ത് ലീഡ് ലഭിച്ചാൽ ജോയ്സിന്റെ പരാജയം ഉറപ്പിക്കേണ്ടി വരും. മൂവാറ്റുപുഴയിലും ഡീനിനാകും ലീഡെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. ഉടുമ്പഞ്ചോല,​ ദേവികുളം,​ പീരുമേട്,​ കോതമംഗലം നിയോജകമണ്ഡലങ്ങളിൽ ജോയ്സിന് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്നാണ് സി.പി.എം കരുതുന്നത്. കടുത്ത മത്സരം നടന്ന ഇടുക്കി നിയോജക മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലും മൂവാറ്റുപുഴയിലും ലീഡ് പതിനായിരമാകുമെന്നാണ് യു.ഡി.എഫ് പറയുന്നത്. മന്ത്രി എം.എം. മണിയുടെ നാടായ ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലാണ് സി.പി.എം കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഇവിടെ പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് ഉണ്ടാകും. 20000 വോട്ടിലേറെ ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തിയതെങ്കിലും നെടുങ്കണ്ടം,​ പാമ്പാടുംപാറ,​ കരുണാപുരം പഞ്ചായത്തുകളിലെ യു.ഡി.എഫ് മുന്നേറ്റം തിരിച്ചടിയായി. 22692 ആയിരുന്നു കഴിഞ്ഞ തവണത്തെ ലീഡ്. തോട്ടംമേഖലയായ പീരുമേട്,​ ദേവികുളം നിയോജകമണ്ഡലങ്ങളിൽ ഏഴായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കോതമംഗലത്തും ദേവികുളത്തും പീരുമേടും 5000 വോട്ടിന്റെ ലീഡ് നേടുമെന്ന് യു.ഡി.എഫ് കണക്കാക്കുന്നു. യാക്കോബായ വിഭാഗത്തിന്റെ വോട്ടുകളിൽ കണ്ണുവച്ചിരിക്കുന്ന കോതമംഗലം നിയോജകമണ്ഡലത്തിൽ 5000 വോട്ടിന്റെ ലീഡ് നേടുമെന്നാണ് സി.പി.എം അവകാശവാദം. യാക്കോബായ വോട്ടുകളൊന്നും അങ്ങനെ എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു.

ശബരിമലയും എൻ.ഡി.എയും നിർണായകം

എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ എത്ര വോട്ടുകൾ സമാഹരിച്ചുണ്ടെന്നതും ശബരിമല തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചെന്നതും വിജയത്തിൽ നിർണായക ഘടകമാകും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി 50438 വോട്ടുകളായിരുന്നു നേടിയത്. എന്നാൽ ഇത്തവണ ബി.ഡി.ജെ.എസ് കൂടി വന്നതോടെ വോട്ട് വിഹിതം വർദ്ധിക്കേണ്ടതാണ്. ഒപ്പം ശബരിമല വിഷയവും വോട്ട് കൂട്ടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് നിയോജകമണ്ഡലങ്ങളിൽ നിന്നായി എൻ.ഡി.എ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടിയിരുന്നു.