തൊടുപുഴ: സംസ്ഥാന സാർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഘടകകക്ഷിയായ സി.പി.ഐ രംഗത്ത്. പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് അവിടെ തന്നെ ഒരേക്കർ ഭൂമി വീതം നൽകാനുള്ള മന്ത്രിസഭാ തീരുമാനവും സർക്കാർ ഉത്തരവും അട്ടിമറിച്ചെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദിവാസികൾക്ക് ഭൂമി നൽകുന്നതിനെ തുരങ്കം വയ്ക്കുന്നതിന് നിരന്തരം ശ്രമിച്ചുവന്ന കൈയേറ്റ മാഫിയ്ക്ക് അനുകൂലമായാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ 158 ആദിവാസി കുടുംബങ്ങൾക്ക് പെരിഞ്ചാംകുട്ടിയിൽ തന്നെ ഒരേക്കർ ഭൂമി വീതം നൽകാൻ തീരുമാനമായിരുന്നു. ഭൂമിയിലുള്ള വനം വകുപ്പിന്റെ എല്ലാ അവകാശ വാദങ്ങളും തള്ളിക്കളഞ്ഞ് അവരുടെ സമ്മത്തോടെയാണ് തീരുമാനം എടുത്തത്. തുടർന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേർന്ന് ഒരേക്കർ ഭൂമി വീതം നൽകാൻ തീരുമാനിക്കുകയും തുടർന്ന് 2018 മാർച്ച് എട്ടിന് സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ നിരന്തരം ശ്രമിച്ചു. 2019 ജനുവരി 29ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വീണ്ടും ഒരു ഉന്നതതലയോഗം ചേരുകയും ഈ യോഗത്തിൽ വച്ച് ഈ ഭൂമി വിതരണം ചെയ്യുന്നതിന് കേന്ദ്രാനുമതി തേടാൻ തീരുമാനിക്കുകയും ചെയ്തു. റവന്യൂ ഭൂമിയാണിതെന്ന് പകൽ പോലെ വ്യക്തമാണ്. എന്നിട്ടും കേന്ദ്രാനുമതി തേടാൻ തീരുമാനിച്ചതിന്റെ അർത്ഥം ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യേണ്ടതില്ലെന്ന ഉദ്ദേശ്യത്തിൽ തന്നെയാണ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് എടുത്തത് നെറികെട്ട തീരുമാനമാണ്. സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. മാത്രമല്ല ഈ യോഗ വിവരം സംസ്ഥാന റവന്യൂ മന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ സംസ്ഥാന റവന്യൂ മന്ത്രിയുടെ സാന്നിധ്യം നിർബന്ധമാണ്. ഇതെന്തുകൊണ്ട് എന്നത് ദുരൂഹമാണ്. മന്ത്രിസഭാ യോഗ തീരുമാനവും സർക്കാർ ഉത്തരവും മറികടക്കാൻ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗത്തിന് അധികാരമുണ്ടോ എന്നതാണ്. ഒരു മന്ത്രിസഭാ തീരുമാനത്തിന് ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തണമെങ്കിൽ മറ്റൊരു മന്ത്രിസഭാ യോഗം ചേരണം. അതുണ്ടായിട്ടില്ല. പെരിഞ്ചാംകുട്ടിയിൽ ഇപ്പോൾ തന്നെ കൈയേറ്റ മാഫിയയുടെ സാന്നിദ്ധ്യമുണ്ട്. അവർക്ക് ആവേശം പകരുന്നതാണ് ഈ തീരുമാനം. സർക്കാരിന്റെ നിയമവിരുദ്ധമായ പുതിയ തീരുമാനം പുനപരിശോധിക്കണമെന്നും ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി എത്രയും വേഗം വിതരണം ചെയ്യണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ മാത്യുവർഗീസ്, സലിംകുമാർ എന്നിവരും പങ്കെടുത്തു.