രാജാക്കാട്: ആനയിറങ്കൽ ജലാശയത്തിൽ ചൂണ്ടയിടുന്നതിനിടെ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു. ആദിവാസിയായ ചിന്നക്കനാൽ ടാങ്കുകുടി മയിൽസാമി (45) യാണ് മരിച്ചത്. ഇന്നലെ രാവിലെ ചൂണ്ടയിട്ട് മീൻ പിടിയ്ക്കുന്നതിനായി വീട്ടിൽ നിന്ന് പോയതായിരുന്നു. പകൽ പതിനൊന്നോടെ മീൻ പിടിയ്ക്കാൻ എത്തിയവർ കാണുന്നത് മുന്നൂറ്റിയൊന്ന് കോളനിയ്ക്ക് എതിർഭാഗത്ത് കരയോടടുത്ത് വെള്ളത്തിൽ മയിൽസാമി കമിഴ്ന്ന് കിടക്കുന്നതാണ്. മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഇവർ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ചൂണ്ടയിട്ടുകൊണ്ട് ഇരിക്കുന്നതിനിടെ അപസ്മാരം വന്ന് വെള്ളത്തിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറയൂർ സ്വദേശിയായ മയിൽസ്വാമി കുറച്ച് നാൾ മുമ്പാണ് കുടുംബസമേതം ടാങ്ക് കുടിയിൽ താമസത്തിനെത്തിയത്. ഭാര്യ: സെൽവി. മക്കൾ: മീനാക്ഷി, സെൽവകുമാർ, പരമേശ്വരി. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.