കട്ടപ്പന: വിവാഹ വേദിയിൽ നിന്ന് വധുവെത്തിയത് പരീക്ഷാഹാളിലേയ്ക്ക്. മന്തിപ്പാറ പള്ളിപടിഞ്ഞാറ്റേയിൽ ജിജി ജോർജ്ജിന്റെയും സിനിയുടെയും മൂത്തമകൾ അയഡയാണ് മംഗല്യ വേദിയിൽ നിന്ന് പരീക്ഷാ ഹാളിലേക്കെത്തിയത്. അയഡയുടെയും കട്ടപ്പന കുന്നേൽ സ്റ്റാൻലി കുര്യന്റെയും വിവാഹം ഇന്നലെ കട്ടപ്പന സെന്റ്: പോൾസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് നടന്നത്. എം.കോം അവസാന വർഷ വിദ്യാർത്ഥിനിയായ അയഡയുടെ പരീക്ഷ പതിനെട്ടിന് കഴിയുമെന്നതിനാലാണ് 20 ന് വിവാഹം നടത്താൻ തീരുമാനിച്ചത്. എന്നാൽ മേയ് ആറിന് നടക്കേണ്ടിരുന്ന പരീക്ഷ യൂണിവേഴ്‌സിറ്റി 20 ലേയ്ക്ക് മാറ്റിയതോടെയാണ് പരീീക്ഷതും വിവാഹവും ഒരു ദിവസമായത്.. കട്ടപ്പനയിൽ വിവാഹം നടത്തിയ ശേഷം പരീക്ഷ നടക്കുന്ന കുമളി സഹ്യജ്യോതി കോളേജിൽ 1.30ന് എത്തുക എന്നതായിരുന്നു വെല്ലുവിളി. 11 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന വിവാഹ ചടങ്ങുകൾ 10.30 ന് ആരംഭിച്ചു. മലങ്കര കൂരിയ ബിഷപ്പ് ഡോ: യൂഹാനോൻ മാർ തീയോഡോഷ്യസ് വിവാഹം ആശീർവദിച്ചു. ചടങ്ങുകൾ കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കാൻ പോലും കാത്തുനിൽക്കാതെ നവവരൻ സ്റ്റാലിനൊപ്പം കോളേജിൽ എത്തി പരീക്ഷ എഴുതുക ആയിരുന്നു. ഈ പരീക്ഷ എഴുതാതിരുന്നാൽ ഒരു വർഷം നഷ്ടമാകും എന്നതിനാലാണ് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും പരിക്ഷയ്ക്ക് എത്തിയതെന്ന് അയഡ പറഞ്ഞു. സ്റ്റാലിന്റെ സഹോദരൻ സ്റ്റെബിനും അയഡയുടെ ക്ലാസിലാണ് പഠിക്കുന്നത്. സ്റ്റെബിനും ഒപ്പം പരീക്ഷ എഴുതി.