തൊടുപുഴ: കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസമായി നടപ്പാതയിലേക്കും റോഡിലേക്കുമിറങ്ങി വഴിയോര കച്ചവടം നടത്തിയിരുന്നവർക്കെതിരെ തൊടുപുഴ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നടപടി. മാർക്കറ്റിൽ മുനിസിപ്പൽ മൈതാനിയുടെ മതിലിനോട് ചേർന്ന് സമീപത്തെ കടക്കാർ വച്ചിരുന്ന പച്ചക്കറി ട്രേയും മാലിന്യവും നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തിൽ വാഹനത്തിൽ കയറ്റികൊണ്ടുപോയി. ഗതാഗതത്തതിന് തടസമായി റോഡിലേക്ക് കയറി ആട്ടോറിക്ഷാ തൊഴിലാളികൾ ഇട്ടിരുന്ന പത്തോളം വലിയ കരിങ്കല്ലുകളും നീക്കി. കച്ചവടക്കാർ നടപ്പാതയിലേക്ക് ഇറക്കി വച്ചിരുന്ന സാധനങ്ങൾ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് നീക്കി. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നടപ്പാത കൈയേറിയുള്ള പച്ചക്കറി കച്ചവടം ഉടൻ നീക്കിയില്ലെങ്കിൽ ഇന്ന് നഗരസഭാ ജീവനക്കാരെത്തി മാറ്റുമെന്ന് അന്ത്യശാസനം നൽകി. ന്യൂമാൻ കോളേജ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലെ റോഡ്, അമ്പലംബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്നവരോട് ഇവിടെ നിന്ന് മാറാൻ നിർദ്ദേശം നൽകി. ഉന്തുവണ്ടിക്കാർക്ക് കച്ചവടം നടത്തുന്നതിന് പ്രത്യേക സ്ഥലം നഗരസഭ അനുവദിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ റോഡിൽ വണ്ടിയിട്ട് കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇന്നലെ ഉച്ചയോടെയാണ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ, ദീപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ ജോയ്സ്, മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വഴിയോര കച്ചവടക്കാർക്കെതിരെ നടപടിയെടുത്തത്.

'കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസമായി നടപ്പാതയും റോഡും കൈയേറി കച്ചവടം നടത്തരുതെന്ന് പലതവണ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാത്തിനെ തുടർന്നാണ് നടപടിയെടുത്തത്. വരുംദിവസങ്ങളിലും ഇത്തരം നടപടി തുടരും"

- സി. സുനിൽ

(ഹെൽത്ത് ഇൻസ്പെക്ടർ, നഗരസഭ)