ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ ആറു നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിനും കോതമംഗലം നിയോജക മണ്ഡലത്തിലെ 8.30 നും പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആരംഭിക്കുമെന്ന് വരണാധികാരിയും ജില്ലാകളക്ടറുമായ എച്ച്. ദിനേശൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഓരോ നിയോജക മണ്ഡലത്തിനും ഓരോ കൗണ്ടിംഗ് ഹാൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. 89 ടേബിളുകളിലായായി 105 റൗണ്ടുകളായാണ് 1305 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെണ്ണുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 12, കോതമംഗലം നിയോജക മണ്ഡലത്തിൽ 12, ദേവികുളം നിയോജക മണ്ഡലത്തിൽ 13, ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ 12, തൊടുപുഴ നിയോജക മണ്ഡലത്തിൽ 14, ഇടുക്കി നിയോജക മണ്ഡലത്തിൽ 13, പീരുമേട് നിയോജക മണ്ഡലത്തിൽ 13 എന്നിങ്ങനെയാണ് ടേബിളുകളുടെ എണ്ണം. ഇതു കൂടാതെ എല്ലാ കൗണ്ടിംഗ് ഹാളിലും ടാബുലേഷന് പ്രത്യേക ടേബിൾ ഉണ്ടായിരിക്കും. ഓരോ റൗണ്ടിലും വോട്ടെണ്ണൽ പൂർത്തിയായി കഴിയുമ്പോൾ രണ്ട് വോട്ടിംഗ് മെഷീനുകൾ വീതം ഒബ്സർവർമാരുടെ കൗണ്ടിംഗ് ടീം പരിശോധിച്ച് കൃത്യത ഉറപ്പാക്കും. നറുക്കിട്ടു തിരഞ്ഞെടുക്കുന്ന അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് മെഷീൻ എണ്ണും. തപാൽ വോട്ടുകൾ, സർവീസ് വോട്ടുകൾ എന്നിവ എണ്ണുന്നതിനായി റിട്ടേണിംഗ് ഓഫീസറുടെ ഹാളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, മൊബൈൽഫോണുകൾ എന്നിവ അനുവദിക്കുന്നതല്ല. ഫോൺ സൂക്ഷിക്കാൻ പ്രത്യേകം സംവിധാനം ഉണ്ടാകും ക്രമസമാധാന പാലനം, മീഡിയ സെന്റർ, പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ്, ടാബലേഷൻ, വോട്ടെണ്ണൽ ഏജന്റിനുള്ള പാസ് വിതരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡപ്രകാരം ജീവനക്കാർക്ക് ചുമതല നൽകിയിട്ടുണ്ട്.
വോട്ടെണ്ണലിന് വൻ സുരക്ഷ
വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ആറ് ഡി.വൈ.എസ്.പി യും 200 പോലീസുകാരുമടങ്ങുന്ന മൂന്ന് സെറ്റ് ടീമിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി 1400 പൊലീസുകാർ, 71 പട്രോൾ, 140 പിക്കറ്റുകൾ, ബി,എസ്.എഫ്, കെ.എ.പി, തുടങ്ങിയ ടീമുകളും സജ്ജമാണെന്ന് അഡീഷണൽ .എസ്.പി മുഹമ്മദ് ഷാഫി അറിയിച്ചു.
ഉദ്യോഗസ്ഥർക്കായി പ്രത്യേക ബസ് സർവീസ്
വോട്ടെണ്ണൽ നടക്കുന്ന 23ന് അതിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രമായ പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ എത്തിച്ചേരുന്നതിനായി തൊടുപുഴയിൽ നിന്ന് പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരിക്കും. രാവിലെ അഞ്ചിനും 5.15നും രണ്ടു ബസുകൾ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുറപ്പെടും. ഉദ്യോഗസ്ഥർക്കു ഏഴിന് മുമ്പ് ഈ ബസുകളിൽ പൈനാവിൽ എത്തിച്ചേരാനാവുമെന്നു ജില്ലാ വരണാധികാരി അറിയിച്ചു.