തൊടുപുഴ:കഴിഞ്ഞ പ്രളയത്തിൽ ദുരിതങ്ങളും നഷ്ടങ്ങളും സംഭവിച്ച ക്ഷീര കർഷകർക്ക് സഹായവുമായി 'മിൽമ' യുടെ പ്രത്യേക പദ്ധതി.ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം മേഖലയുടെ നേതൃത്വത്തിലാണ് പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച ക്ഷീര കർഷകർക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായിട്ടുള്ള ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.പ്രളയത്തെ തുടർന്ന് ക്ഷീര വികസന മേഖലക്കുണ്ടായ നഷ്ടം നേരിട്ട് അറിയുന്നതിന് കേന്ദ്ര സർക്കാരിന്റെ കാർഷിക വികസന മന്ത്രാലയത്തിലെ ഡയറി ഡെവലപ്പ് മെന്റ് വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥർ ഇവിടെയെത്തുകയും പ്രളയത്തിന്റെ ഭയാനകത അവർക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.ക്ഷീര മേഖലക്ക് സംഭവിച്ച നഷ്ടത്തെ സംബന്ധിച്ച് 15 കോടി രൂപയുടെ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് മിൽമ എറണാകുളം മേഖലയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ഇതേ തുടർന്ന് 13 കോടി രൂപ അനുവദിക്കുകയും ചെയ്തു .ഇതിൽ പത്തരക്കോടി ഗ്രാന്റാണ്.ബാക്കിയുള്ള തുക ക്ഷീര കർഷകരും, സംഘങ്ങളും,മിൽമയും വഹിക്കേണ്ടുന്ന ഗുണഭോക്ത വിഹിതമായിട്ടാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.നാല് ജില്ലകളിൽ നാല്പത്തിയാറായിരത്തില്പരം ക്ഷീര കർഷകരാണ് പ്രതിദിനം സംഘങ്ങൾ വഴി പാൽ അളക്കുന്നത്.പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ മൃഗ സംരക്ഷണ മേഖലക്ക് ജില്ലാ ഭരണ കൂടം 6,634,850 രൂപയും വകുപ്പ് 5,053,435 രൂപയും വിവിധ മേഖലയിൽ നൽകിയിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച് കഴിഞ്ഞാൽ ജൂൺ 8 ന് എറണാകുളം ടൗൺ ഹാളിൽ വെച്ച്

മൃഗ സംരക്ഷണ മന്ത്രി കെ രാജു 200 ആളുകൾക്ക് പശുക്കളെ വാങ്ങാനുള്ള ധന സഹായം വിതരണം ചെയ്യും.ബാക്കിയുള്ള ഗുണഭോക്താക്കളുടെ ധന സഹായം പിന്നീട് അതാത് ജില്ലകളിലും വിതരണം ചെയ്യും.

മിൽമ വഴി കർഷകർക്കും /സംഘങ്ങൾക്കും ലഭിക്കുന്ന സഹായം:-

*പൂർണ്ണമായും തകർന്ന കാലിത്തൊഴുത്തുകൾക്ക് 25, 000 രൂപ

*ഭാഗികമായി തകർന്ന കാലിത്തൊഴുത്തുകൾക്ക് 15, 000 രൂപ

*റബ്ബർ മാറ്റുകൾ 750 രൂപ *പശുക്കളെ വാങ്ങാൻ 30, 000 രൂപ

* കിടാരികളെ വാങ്ങാൻ 15, 000

*മറ്റ് സ്ഥലങ്ങളിൽ നിന്നും പശുക്കളെയും കിടാരികളെയും കൊണ്ടുവരുന്നതിന് വാഹന ചിലവിന് 2, 500 രൂപ *പശുക്കളെയും കിടാരികളെയും ഇൻഷുറൻസ് ചെയ്യുന്നതിന് പ്രീമിയം തുക 300, 1500

*പാലിലെ മയം പരിശോധന കിറ്റിന് 5, 000 രൂപ

*അകിട് വീക്കം നിയന്ത്രണ പദ്ധതിക്ക് ആകെ 4, 500, 000 *സംഘങ്ങൾക്ക് കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ സംവീധാനങ്ങൾക്കും 75, 000 രൂപ

*കെട്ടിട നിർമ്മാണം 400, 000 രൂപ *മിൽക്കോ ടെസ്റ്ററുകൾ വാങ്ങുന്നതിന് 32,000 രൂപ

*സ്മാർട്ട്‌ എ എം സി യു കൾക്ക് 110, 000 രൂപ

*മിൽക്ക് ക്യാനുകൾ വാങ്ങാൻ 3, 500 രൂപ

*വൈക്കോൽ വിതരണം ചെയ്യുന്നതിന് 2 രൂപ (കി. ഗ്രാം )

* വിദൂര സ്ഥലങ്ങളിൽ നിന്നും പാൽ എത്തിക്കുന്നതിനുള്ള കടത്ത് കൂലി ആകെ നാൽപ്പത് ലക്ഷം

"മിൽമ എറണാകുളം മേഖല തയ്യാറാക്കിയ പദ്ധതി പ്രകാരം പതിനാറോളം ഇനങ്ങളിലായി ഏകദേശം മൂവായിരത്തി അഞ്ഞൂറില്പരം ഗുണഭോക്താക്കൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്.നാല് ജില്ലകളിൽ നിന്നുള്ള ക്ഷീര സംഘങ്ങൾ വഴി ലഭിച്ച അപേക്ഷകളിൽ നിന്നും ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ആളുകളെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത് " -

ജോൺ തെരുവത്ത്, ചെയർമാൻ, മിൽമ, എറണാകുളം മേഖല