തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്‌കാരികവേദി തൊടുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൈരളി ഫിലിംഫെസ്റ്റ് 24 മുതൽ 26 വരെ കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ നടക്കും. 24ന് വൈകിട്ട് 6ന് കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ പി.ജി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഹ്രസ്വചിത്രം 'നെയ്‌ബേഴ്സ്' (സംവിധാനം: നോർമൻ മക്ലാറൻ), മലയാളചലച്ചിത്രം ഇ.മ.യൗ (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി) എന്നിവ പ്രദർശിപ്പിക്കും. രണ്ടാം ദിവസം ച വൈകിട്ട് ഹ്രസ്വചിത്രം 'ലയൺസ് കേയ്ജ്' (സംവിധാനം: ചാർളി ചാപ്ലിൻ), മലയാളചലച്ചിത്രം 'മേൽവിലാസം' (സംവിധാനം: മാധവ രാമദാസൻ) എന്നിവ പ്രദർശിപ്പിക്കും. മൂന്നാം ദിവസം വൈകിട്ട് 6ന് സമാപന സമ്മേളനത്തിൽ കരിമണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വറവുങ്കൽ, ഫിലിം സൊസൈറ്റി പ്രസിഡന്റ് വിൽസൺ ജോൺ, കൈരളി സാംസ്‌കാരികവേദി പ്രസിഡന്റ് എൻ.ആർ. നാരായണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഹ്രസ്വചിത്രം 'വാട്ടീസ് ദാറ്റ്' (സംവിധാനം : കോൺസ്റ്റാന്റിൻ പിലാവിയോസ്), മലയാളചിത്രം 'ഒറ്റാൽ' (സംവിധാനം: ജയരാജ്) എന്നിവ പ്രദർശിപ്പിക്കും.
അടുത്തകാലത്തിറങ്ങിയ പല നല്ല സിനിമകൾക്കും പ്രദർശനത്തിന് തീയേറ്ററുകൾ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാധാരണ പ്രേക്ഷകർക്ക് മികച്ച സിനിമകൾ കാണുവാനും ചർച്ച ചെയ്യുവാനുമുള്ള ഒരു വേദിയൊരുക്കുവാൻ കൈരളി സാംസ്‌കാരികവേദി ഒരുങ്ങുന്നത് എന്നും തുടർന്നും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൈരളി വനിതാലൈബ്രറി കരിമണ്ണൂർ, ജെ.ജെ. മെഡിക്കൽസ് കരിമണ്ണൂർ, റ്റി.ജി.എം ഫുട്ഫാഷൻസ് ഉടുമ്പന്നൂർ എന്നിവിടങ്ങളിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9744166186 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.ജെ. തോമസ്, ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, പ്രസിഡന്റ് വിൽസൺ ജോൺ, രാജു കൊന്നനാൽ, കെ.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.