തൊടുപുഴ: കിണർ വൃത്തിയാക്കുന്നതിനിടെ പിടുത്തം വിട്ട് അമ്പതടിയോളം താഴ്ചയിലേയ്ക്ക് വീണ് പരിക്കേറ്റ റിൽ വീണ തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. കോലാനി സ്വദേശി മജീദ് (38) ആണ് അപകടത്തിൽപ്പെട്ടത്. മുഖമടിച്ചുള്ള വീഴ്ചയിലാണ് മജീദിന് മുഖത്തും മറ്റും സാരമായി പരിക്കേറ്റത്. മുഖത്തും ശരീരത്തും സാരമായി പരിക്കേറ്റ മജീദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ കാരിക്കോടിനു സമീപമായിരുന്നു അപകടം. ഇവിടെയുള്ള പുരയിടത്തിലെ കിണർ വൃത്തിയാക്കാൻ വാടകയ്ക്കു താമസിക്കുന്നയാളാണ് തൊഴിലാളികളെ വിളിച്ചത്. ഇവർ കിണർതേകി വൃത്തിയാക്കിയതിനു ശേഷം വശങ്ങളിലെ കാടുപറിച്ചു നീക്കുന്നതിനിടെയാണ് മജീദ് പിടിവിട്ട് കിണറ്റിൽ വീണത്. നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അസി. സ്‌റ്റേഷൻ ഓഫീസർ ടി.പി. കരുണാകരൻപിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വലയും വടവും ഉപയോഗിച്ച് മജീദിനെ കരകയറ്റുകയായിരുന്നു.