പീരുമേട്:വീട്ടിൽനിന്നും പണം മോഷണം പോയത് പൊലീസിൽ പരാതി നൽകിയതിന് വീടുകയറി കുടുംബാംഗങ്ങളെ മർദ്ദിച്ചതായി പരാതി. വാഗമൺ വട്ടപ്പതാൽ ചാരുകല്ലുങ്കൽ എലിയാസിനെയും കുടുംബത്തെയും ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. കൈക്ക് ഗുരുതര പരിക്കേറ്റ ഏലിയാസും ഭാര്യ മിനിയും മകൻ ആശ്വിനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സ തേടി. വർഷങ്ങൾക്ക് മുമ്പ് ഏലിയാസിന്റെ വീട്ടിൽ നിന്നും പണം മോഷണം പോയിരുന്നു. സംഭവത്തിൽ നല്കിയ പരാതിയിൽ നടപടി വൈകുന്നത് കാട്ടി കട്ടപ്പന ഡിവൈ.എസ്.പിക്ക് കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്കി . ഇതിൽ പ്രകോപിതരായ സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവരും കൂട്ടരും ചേർന്നാണ് വീട്ടിൽ കയറി അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പൊലീസിനു മൊഴി നല്കി്യിരിക്കുന്നത്. സംഭവത്തിൽ ഡിവൈ.എസ്പിയുടെ നിർദ്ദേശ പ്രകാരം വാഗമൺപൊലിസ് അന്വേഷണം തുടങ്ങി.