തൊടുപുഴ: എസ്.ഐ കൈകാണിച്ചിട്ട് നിറുത്താതെ നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ച് പരിഭ്രാന്തി പരത്തി അപകടമുണ്ടാക്കിയ പതിനേഴുകാരനെ പൊലീസ് പിന്തുടർന്ന് പിടികൂടി. പ്രതിയെ വാഹനം തടഞ്ഞ് പിടികൂടുന്നതിനിടയിൽ എസ്.ഐയ്ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കാഞ്ഞിരമറ്റം സ്വദേശിയായ കൗമാരക്കാരനാണ് പൊലീസിനെ വട്ടംചുറ്രിച്ചത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുമ്പിൽ നിന്ന് രണ്ട് പെൺകുട്ടികളെ കയറ്റി മുട്ടം റോഡിലേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷ കണ്ട എസ്‌.ഐ എം.പി സാഗർ പരിശോധനയ്ക്കായി നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഓട്ടോ നിറുത്താൻ തയ്യാറാകാതിരുന്ന പതിനേഴുകാരൻ അമിതവേഗത്തിൽ തൊടുപുഴ പാലത്തിലിട്ട് വണ്ടി വട്ടം തിരിച്ച് തിരികെ പോയി. എസ്.ഐ ആട്ടോറിക്ഷയുടെ പിറകെ ഓടിയെത്തുന്നത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ് ഡിവൈഡർ ഉപയോഗിച്ച് റോഡിൽ ഓട്ടോ തടയാൻ ശ്രമിച്ചെങ്കിലും ഇതും ഇടിച്ചു തെറിപ്പിച്ചു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പെൺകുട്ടികളോട് പുറത്തേയ്ക്ക് ചാടാൻ ഇയാൾ പറഞ്ഞു. ഇതനുസരിച്ച് കുട്ടികൾ ഓടുന്ന ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി. മുതലിയാർമഠം ഭാഗത്തേയ്ക്ക് വാഹനം ഓടിച്ചു പോകാൻ തിരിക്കുന്നതിനിടയിൽ ഒരു സ്‌കൂട്ടറിലും ബൈക്കിലും ആട്ടോറിക്ഷ ഇടിച്ചു. എസ്.ഐയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും രണ്ട് ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പിന്നാലെ പുറപ്പെട്ടു. വേഗതകുറച്ചപ്പോൾ ബൈക്കിൽ നിന്നിറങ്ങി എസ്.ഐയും ബൈക്ക് യാത്രക്കാരനും ആട്ടോയിൽ പിടിച്ചെങ്കിലും പയ്യൻ വണ്ടിയുടെ വേഗതകൂട്ടി മുന്നോട്ടുനീങ്ങി. ഇതിനിടെ തെറിച്ചു വീണ എസ്.ഐയുടെ കൈവിരലിൽ പരിക്കേറ്റു. തുടർന്ന് മുതലിയാർമഠം ഭാഗത്തേയ്ക്കുപോയ ആട്ടോറിക്ഷ റോഡു പണി നടക്കുന്നതിനാൽ മുമ്പോട്ട് പോകാൻ കഴിയാതെ നിറുത്തി. ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് വൈദ്യ പരിശോധന നടത്തി. വാഹനത്തിൽ ലഹരി പദാർത്ഥങ്ങൾ ഉണ്ടോയെന്നറിയാൻ വാഹനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇയാളുടെ മാതാവിനെ പൊലീസ് വിളിച്ചു വരുത്തി. അമ്മയുടെ പേരിലാണ് വണ്ടി. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനാൽ ആർ.സി ഓണർക്കെതിരെ കേസെടുക്കും. ഓട്ടോയുടെ ടാക്‌സി രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാൻ മോട്ടോർവാഹനവകുപ്പിനു ശുപാർശ ചെയ്യുമെന്നും എസ്‌.ഐ പറഞ്ഞു. പരിക്കേറ്റ എസ്.ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.