തൊടുപുഴ: സാമൂഹിക സേവനരംഗത്ത് 50 വർഷം പിന്നിടുന്ന തൊടുപുഴ ലയൺസ് ക്ലബ് 25ന് വൈകിട്ട് ആറിന് ഐ.എം.എ ഹാളിൽ ആഘോഷ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ അരനൂറ്റാണ്ടിലേറെ നഗരത്തിന്റെ വികസനത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കും. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതനിശയുമുണ്ടാകും. 1969ലാണ് ലയൺസ് ക്ലബ് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങുന്നത്. രണ്ട് വർഷത്തിനകം തന്നെ താലൂക്ക് ആശുപത്രിയിൽ ഒരു ആധുനിക വാർഡ് പണിത് നൽകാൻ സാധിച്ചു. തിമിരരഹിത തൊടുപുഴ, പ്ലാസ്റ്റിക്മുക്ത നഗരം, മെഡിക്കൽ ക്യാമ്പുകൾ, സാംസ്‌കാരിക പരിപാടികൾ, റാലികൾ, സെമിനാറുകൾ, 40 വർഷമായി തുടരുന്ന എപ്പിലെപ്‌സി ക്ലിനിക് തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ് ചെയ്യുന്നുണ്ട്. എക്‌സൈസ്, ജനമൈത്രി, പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുമായി ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീന പരിപാടികൾ, ടൂർമെന്റുകൾ, ആരോഗ്യ പരിപാലനത്തിന് പരിശീനപരിപാടികളും നടത്തുന്നുണ്ട്.
വാർത്താസമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. സാജൻ ജോസഫ് ചാഴിക്കാടൻ, സെക്രട്ടറി സി.എ. ഷൈജോ ജോസഫ്, മുൻകാല പ്രസിഡന്റുമാരുടെ പ്രതിനിധി അഡ്വ. സി.കെ. വിദ്യാസാഗർ, ഡയറക്ടർ പി.അജീവ് എന്നിവർ പങ്കെടുത്തു.