തൊടുപുഴ: നഗരസഭാ മോഡൽ യു.പി സ്‌കൂളിന്റെ 60 വർഷം പഴക്കമുള്ള പഴയ കെട്ടിടം ഇന്ന് പൊളിച്ചുനീക്കും. ഇതിനു പകരമായി നിർമിക്കുന്ന ആധുനിക മന്ദിരത്തിന്റെ അവസാനമിനുക്കുപണികൾ നടന്നുവരികയാണ്. പുതിയ അദ്ധ്യയനവർഷത്തിൽ ഈ മന്ദിരത്തിലായിരിക്കും ക്ലാസുകൾ. ഇനി മുകൾ നില കൂടി പണിയേണ്ടതുണ്ട്. 35 ലക്ഷം രൂപയുടെ എം.പി ഫണ്ട് വിനിയോഗിച്ചുള്ള ആധുനിക ടോയ്‌ലെറ്റ് കോംപ്ലസ് നിർമാണം ഉടൻ ആരംഭിക്കും. മുൻവർഷം 54 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം ഇരുന്നൂറിലേറെ കുട്ടികളാണ് ചേർന്നിട്ടുള്ളത്.
1958ലാണ് സ്‌കൂൾ ആരംഭിച്ചത്. അന്ന് കുമാരമംഗലം പഞ്ചായത്തിന്റെ കീഴിലായിരുന്നു. പിന്നീട് തൊടുപുഴ നഗരസഭ രൂപീകൃതമായ ശേഷം 1994ൽ നഗരസഭ ഏറ്റെടുത്തു. കുട്ടികൾ നാമമാത്രമാണ് അന്നുണ്ടായിരുന്നത്. അടച്ചുപൂട്ടലിന്റെ അരികിൽ വരെയെത്തിയ സ്‌കൂളിനെ പിന്നീടാണ് പുനരുദ്ധരിക്കാനുള്ള ശ്രമം തുടങ്ങിയത്. വാർഡ് കൗൺസിലർ രാജീവ് പുഷ്പാംഗദന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും പി.ടി.എയും കൈകോർത്തു. നഗരസഭയുടെ അകമഴിഞ്ഞ പിന്തുണ സ്‌കൂളിന് ഉറപ്പാക്കാനായിരുന്നു ശ്രമം. നഗരസഭാ കൗൺസിലറും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ കെ.കെ. ഷിംനാസും എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായി. ആദ്യം പരമാവധി വിദ്യാർഥികളെ എത്തിച്ചു. കൂടാതെ അദ്ധ്യാപനനിലവാരവും ഉയർത്തി. 2015- 16ൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ 36 പേരാണുണ്ടായിരുന്നത്. ഈ വർഷം ഇരുന്നൂറിലേറെപ്പേർ എത്തിക്കഴിഞ്ഞു. ഒന്നാം ക്ലാസിൽ മുൻവർഷം ഒമ്പതുപേരുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 28 പേർ പ്രവേശനം നേടി. മറ്റു ക്ലാസുകളിലും കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അഞ്ചാം ക്ലാസിലാണ് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ പേരെത്തിയത്. ആറിൽ നിന്ന് 30 വിദ്യാർത്ഥികളായി. നഴ്‌സറിയിൽ 65 കുട്ടികളും ചേർന്നു. നിലവാരം വർദ്ധിപ്പിക്കാൻ തൊടുപുഴ സബ്ജില്ലയിൽ കളക്ടർ തിരഞ്ഞെടുത്ത മൂന്നു സ്‌കൂളുകളിലൊന്നാണിത്. ചിറ്റൂർ, അരിക്കുഴ സർക്കാർ സ്‌കൂളുകളാണ് മറ്റുള്ളവ. രണ്ടരകോടിയാണ് നഗരസഭ ഈ സ്‌കൂളിനു വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.
'മലയാളത്തോടൊപ്പം ഇംഗ്ലീഷിലും തുല്യപ്രാധാന്യം നൽകിയുള്ള അദ്ധ്യാപനമാണ് സ്‌കൂളിനെ മികവിലേയ്ക്ക് നയിച്ചത്"
-ഹെഡ്മാസ്റ്റർ ടോം വി. തോമസ്
പുതിയമന്ദിരത്തിന്റെ പ്രത്യേകതകൾ
ആധുനിക നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ
ഇരിക്കാനും പുസ്തകങ്ങൾ വയ്ക്കാനും കോംബോ ബെഞ്ചുകളും ഡെസ്‌കുകളും
ഒമ്പതിനായിരം ചതുരശ്രയടി വിസ്തീർണ
ടൈൽപാകി എല്ലാമുറികളിലും ഫാനുകൾ
എട്ട് ക്ലാസ് മുറികളും ലൈബ്രറിയും ഓഫീസും
ചെലവ് ഒരു കോടിയിലേറെ രൂപ