തൊടുപുഴ: സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ സ്‌കൂൾ- കോളേജ് വാഹനങ്ങൾ പരിശോധന നടത്തി. ജില്ലയിൽ ആകെ 283 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ 92 വാഹനങ്ങൾ ജി.പി.എസ് ഘടിപ്പിക്കാത്തതിനാൽ മടക്കി അയച്ചു. ഈ വാഹനങ്ങൾ 29 ന് മോട്ടോർ വാഹന വകുപ്പിന് മുമ്പാകെ പരിശോധനയ്ക്കെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം 191 വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സുരക്ഷാ സ്റ്റിക്കർ പതിച്ചു നൽകിയിട്ടുണ്ട്. തൊടുപുഴ സബ് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ കോളേജ് ബസുകളുടെ പരിശോധന ന്യൂമാൻ കോളേജ് ഗ്രൗണ്ടിലാണ് നടന്നത്. ഇവിടെ 148 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ 108 വാഹനങ്ങൾക്ക് സുരക്ഷാ സ്റ്റിക്കർ പതിച്ചു. ഇടുക്കിയിൽ 75 സ്‌കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ പരിശോധന നടന്നു. 31 ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു. വണ്ടിപ്പെരിയാറിൽ 14 വാഹനങ്ങൾ പരിശോധിച്ചതിൽ 13 വാഹനങ്ങൾ തിരിച്ചയച്ചു. ദേവികുളത്ത് 31 വാഹനങ്ങൾ പരിശോധിച്ചതിൽ മൂന്ന് എണ്ണം തിരിച്ചയച്ചു. ഉടുമ്പൻചോലയിൽ 15 വാഹനങ്ങൾ പരിശോധിച്ചതിൽ അഞ്ച് എണ്ണം മടക്കിയയച്ചു. സുരക്ഷാ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഇടുക്കി ആർ.ടി. ഒ ആർ രാജീവ് പറഞ്ഞു.