തൊടുപുഴ: ഏഴ് നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടി സർവാധിപത്യത്തോടെയാണ് ഡീൻ കുര്യാക്കോസ് പാർലമെന്റിന്റെ പടി ചവിട്ടുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും തൊടുപുഴയിലും കോതമംഗലത്തും മൂവാറ്രുപുഴയിലും ഡീൻ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഇത്തവണ ഏഴ് നിയോജകമണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സമഗ്ര വിജയമാണ് ഡീൻ നേടിയത്. ഇതിൽ ആറിടത്തും ഇരുപതിനായിരത്തിലേറെയും രണ്ടിടത്ത് മുപ്പതിനായിരത്തിലേറെയുമാണ് ലീഡ്.
ഞെട്ടിച്ച് ഉടുമ്പഞ്ചോല
ഇത്തവണ ജോയ്സ് വൻഭൂരിപക്ഷം നേടുമെന്ന് പ്രതീക്ഷിച്ച മന്ത്രി എം.എം. മണിയുടെ നിയോജകമണ്ഡലമായ ഉടുമ്പഞ്ചോലയിലെ ഡീനിന്റെ ലീഡ് സി.പി.എം കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഒമ്പത് ശതമാനം പോളിംഗ് ഉയർന്ന ഇവിടെ 25,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. 22692 ആയിരുന്നു കഴിഞ്ഞ തവണത്തെ ജോയ്സിന്റെ ലീഡ്. എന്നാൽ 12,494 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീൻ കരസ്ഥമാക്കിയത്.
തൊടുപുഴയിൽ പി.ജെ വാക്കുപാലിച്ചു
കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസ് 3088 വോട്ടുകൾക്ക് ലീഡ് ചെയ്ത നിയോജകമണ്ഡലമായിരുന്നു തൊടുപുഴ. ഡീൻ കുര്യാക്കോസിന്റെ ലീഡ് പരമാവധി കുറയ്ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ശ്രമം. 15000 വോട്ടിൽ കൂടുതൽ ലീഡ് ഡീനിന് തൊടുപുഴയിൽ കിട്ടില്ലെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ പി.ജെ. ജോസഫ് സജീവമായി കളത്തിലിറങ്ങിയ തൊടുപുഴയിൽ ഡീനിന്റെ ഭൂരിപക്ഷം 30,000 കടക്കുമെന്ന് ഉറപ്പുപറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ഇത് അക്ഷരംപ്രതി ശരിയാകുന്ന കാഴ്ചയാണ് കണ്ടത് 37,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ കിട്ടിയത്. ഡീനിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച നിയോജകമണ്ഡലവും തൊടുപുഴയാണ്.
കസ്തൂരി മണക്കാത്ത ഇടുക്കി
കഴിഞ്ഞ തവണ കസ്തൂരിരംഗൻ ഇഫക്ട് ഏറെ പ്രതിഫലിച്ച ഇടുക്കി നിയോജകമണ്ഡലത്തിൽ 24227 വോട്ടുകളുടെ ഭൂരിപക്ഷം ജോയ്സ് നേടിയിരുന്നു. എന്നാൽ ഇത്തവണ അതിനടുത്ത് ഭൂരിപക്ഷം നേടിയാണ് ഡീൻ പകരം വീട്ടിയത്- 20,928. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9333 വോട്ടിന്റെ ലീഡാണ് ഇവിടെ റോഷി അഗസ്റ്റിന് ലഭിച്ചത്.
ചായകോപ്പയിലും കൊടുങ്കാറ്റ്
എൽ.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച വോട്ടുബാങ്കായിരുന്നു തോട്ടംമേഖല. കഴിഞ്ഞ തവണ ദേവികുളം നിയോജകമണ്ഡലത്തിൽ 9121ലും പീരുമേട്ടിൽ 5979 വോട്ടുകളുടെ ലീഡും ജോയ്സിനുണ്ടായിരുന്നു. എന്നാൽ ഇത്തവണ രാഹുൽ ഇഫക്ട് തമിഴ്‌വിഭാഗത്തിനെ സ്വാധീനിച്ചതാകണം ഡീൻ ഈ രണ്ട് മണ്ഡലങ്ങളിലും ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കൈവരിച്ചത്. ദേവികുളം- 24036, പീരുമേട്- 23380.
പത്തിരട്ടി മാറ്റുമായി കോതമംഗലം
ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലമായ കോതമംഗലത്ത് ഡീൻ 2014ൽ 2476 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 19,282 വോട്ടിന്റെ ലീഡ് നേടി ആന്റണി ജോൺ വിജയിച്ചതിന്റെയും യാക്കോബായ സമുദായത്തിന്റെ പിന്തുണയുടെയും പിൻബലത്തിൽ മണ്ഡലത്തിൽ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. പക്ഷേ, രണ്ടായിരത്തിന്റെ ലീഡ് ഇരുപതിനായിരത്തിലേക്ക് ഉയർത്തിയാണ് ഡീൻ മറുപടി നൽകിയത്- 20,596.
കൈവിടാതെ മൂവാറ്റുപുഴ
2014ൽ തോറ്രപ്പോഴും യു.ഡി.എഫ് 5572 വോട്ടിന്റെ ലീഡ് നേടിയ നിയോജകമണ്ഡലമാണ് മൂവാറ്റുപുഴ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9375 വോട്ട് നേടി എൽദോ എബ്രഹാം വിജയിച്ചതിന്റെ ബലത്തിൽ യു.ഡി.എഫിനെ ഒതുക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഡീനിന്റെ വീടിരിക്കുന്ന നിയോജകമണ്ഡലം ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് അദ്ദേഹത്തിന് നൽകിയത്- 32539.