തൊടുപുഴ: ഡീൻ വിജയിച്ചില്ലായിരുന്നെങ്കിൽ തൊടുപുഴയ്ക്കടുത്ത് ഏഴല്ലൂരിലെ കോൺഗ്രസുകാർക്ക് ഒരു പതിനായിരം രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നു. സംഗതി വേറൊന്നുമല്ല, യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏഴല്ലൂരിൽ എത്തുമ്പോൾ പൊട്ടിക്കാനായി പ്രദേശത്തെ കോൺഗ്രസുകാർ പതിനായിരത്തോളം രൂപയുടെ പടക്കം വാങ്ങിയിരുന്നു. കഷ്ടകാലത്തിന് അന്നാണ് കേരളാകോൺഗ്രസ് (എം) ചെയർമാനും മുൻമന്ത്രിയുമായ കെ.എം. മാണി അന്തരിക്കുന്നത്. തുടർന്ന് യു.ഡി.എഫ് പരസ്യപ്രചാരണം വേണ്ടെന്ന് വച്ചതാണ് ഏഴല്ലൂരിലെ കോൺഗ്രസുകാരെ വെട്ടിലാക്കിയത്. ഇതോടെ ഡീനിന് ഉജ്ജ്വല സ്വീകരണം നൽകാൻ സൂക്ഷിച്ചിരുന്ന പടക്കം പ്രവർത്തകർക്ക് പുറത്തെടുക്കാനായില്ല. പക്ഷേ, വെറുതെ കളയാനുമാകില്ലല്ലോ. പ്രവർത്തകർക്ക് പരിവിട്ട് രൂപ പതിനായിരം മുടക്കിയതല്ലേ. ഒടുവിൽ അവർ ഒരു തീരുമാനമെടുത്തു. ഡീൻ ജയിക്കുമ്പോൾ പൊട്ടിക്കാം. എങ്ങാനും തോറ്റോലോയെന്നായി പാർട്ടിയിലെ ചില സംശയാലുക്കൾ. തോറ്റാൽ എൽ.ഡി.എഫുകാർക്ക് മറിച്ചുവിയ്ക്കാമെന്നായി ചിലർ. വെറുതെ കളഞ്ഞാലും അതെന്തായാലും വേണ്ടെന്ന് നേതാവ്. എന്തായാലും പതിനായിരം രൂപയുടെ പടക്കം വെറുതെ കളയേണ്ടി വന്നില്ല. ഒരു മാസത്തിലേറെ കഴിഞ്ഞെങ്കിലും പടക്കങ്ങളെല്ലാം നല്ല ഉഗ്രനായി ഒരെണ്ണം പോലും വിടാതെ പൊട്ടി. കോൺഗ്രസുകാരുടെ മനസിൽ ലഡുവും പൊട്ടി.