തൊടുപുഴ: ഇന്ന് പലരുടെയും തല മൊട്ടയാകും ചിലരുടെ മീശ പാതിപോകും, ചിലപ്പോൾ യു.ഡി.എഫിന്റെ ജാഥയിൽ എൽ.ഡി.എഫുകാരെ കാണാം. തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് പന്തയം വച്ചവരിൽ ഭൂരിഭാഗവും യു.ഡി.എഫ് തരംഗത്തിൽ നിലംപൊത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതു മുതൽ തന്നെ സജീവമായിരുന്ന പന്തയം വെയ്പുകാർ. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട, വടകര എന്നിവിടങ്ങളിലെയും സ്വന്തം മണ്ഡലത്തിലെയും വിജയികളെക്കുറിച്ചുമായിരുന്നു പ്രവചനം. ഇതിൽ എൽ.ഡി.എഫിനെയും കേരളത്തിൽ ബി.ജെ.പിയെയും പിന്തുണച്ച പന്തയം വയ്പ്പുകാരാണ് കുഴപ്പത്തിലായത്. തങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റാൽ തല മൊട്ടയടിക്കാമെന്നും മീശ പാതി വടിക്കാമെന്നും പന്തയം വെച്ചവരാണ് ഏറെയും. നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നും പന്തയം വെച്ചവരുണ്ട്. വേറെ ചിലരുണ്ട് എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഓടാമെന്ന് പറഞ്ഞവർ. മറ്റൊരു കൂട്ടർ ഭക്ഷണ പ്രിയരാണ്. എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണിയോ സുഭിക്ഷമായ ഭക്ഷണമോ ആണ് ഓഫർ. പന്തയത്തിൽ തോറ്റാൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വരും, ഇല്ലെങ്കിൽ എതിരാളികൾ ചെയ്യിപ്പിക്കും. എന്തായാലും പ്രവചനങ്ങളെല്ലാം തെറ്റിയ തിരഞ്ഞെടുപ്പിൽ പന്തയംവയ്പ്പുകാരാണ് നാട്ടിൻപുറങ്ങളിലെ താരങ്ങൾ.