ചെറുതോണി: ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പുറത്ത് രാവിലെ മുതൽ കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരിലൊരാൾ കുഴഞ്ഞു വീണു. മംഗളം ചാനൽ റിപ്പോർട്ടർ കെ എസ് മധുവാണ് ഇന്നലെ രാവിലെ 11-30ന് വോെണ്ണൽ കേന്ദ്രമായ പൈനാവ് എം ആർ എസ് സ്കൂളിൾ ഗെയിറ്റിന് അടുത്ത് കുഴഞ്ഞ് വീണത്. മറ്റ് മാദ്ധ്യമ പ്രവർത്തകർ ഇദ്ദേഹത്തെ വാഹനത്തിലേയ്ക്ക് മാറ്റി. . തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നും മെഡിക്കൽ ടീം ആമ്പുലൻസിലെത്തി മധുവിന് പ്രാഥമിക ശുശ്രൂഷ നൽകി പിന്നീട് ഇടുക്കി ജില്ല ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
രാവിലെ 7 ന് മുൻപേ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ ഭൂരിപക്ഷം വരുന്ന മാദ്ധ്യമ പ്രവർത്തകരെയും ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിന്റെ പേരിൽ മീഡിയ സെന്ററിൽ കയറ്റാതെ ഗെയ്റ്റിന് വെളിയിൽ തടഞ്ഞു. ഇവിടെ കടുത്ത വെയിലിൽ മണിക്കൂറുകളോളം കാത്തു നിന്ന മാദ്ധ്യമസംഘത്തിലെ അംഗമായ മധു കുഴഞ്ഞ് വീഴുകയായിരുന്നു.