തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഏഴ് നിയോജകമണ്ഡലത്തിലും യു.ഡി.എഫ് ലീഡ് ചെയ്യുമെന്നും മറിച്ച് സംഭവിച്ചാൽ എൽ. ഡി. എഫിന് ഒരു സ്വർണമോതിരം നൽകുമെന്നുമായിരുന്നു പ്രസ്താവന. അമിത ആത്മവിശ്വാസമാണിതെന്ന് അന്ന് കോൺഗ്രസുകാർ അടക്കംപറഞ്ഞിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കല്ലാറിന്റെ വാക്കുകൾ അക്ഷരംപ്രതി ശരായി. ഏഴിൽ രണ്ടിടത്ത് മുപ്പതിനായിരവും നാലിടത്ത് ഇരുപതിനായിരവും ലീഡാണ് ഡീൻ നേടിയത്. എന്ത് സംഭവിച്ചാലും ജോയ്സ് ലീഡ് ചെയ്യുമെന്ന് കോൺഗ്രസുകാർ പോലും വിശ്വസിച്ചിരുന്ന ഉടുമ്പഞ്ചോലയിൽ പോലും പതിനായിരത്തിലേറെ ഭൂരിപക്ഷം കിട്ടി. അന്ന് വന്ന പ്രസ്താവനയും ഓരോ നിയോജകമണ്ഡലത്തിലെയും ഡീനിന്റെ ഭൂരിപക്ഷവും ചേർത്ത് ഇബ്രാഹിംകുട്ടി കല്ലാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അന്ന് വിമർശിച്ചവർ പോലും ഇപ്പോൾ ഇബ്രാഹിംകുട്ടിയെ പുകഴ്ത്തുകയാണ്. നിലവിൽ കോൺഗ്രസിന് ഒരു എം.എൽ.എ പോലുമില്ലാത്ത ജില്ലയിൽ ഡി.സി.സി പ്രസിഡന്റായ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വൻവിജയം നേടാനായത് ഇബ്രാഹിംകുട്ടി കല്ലാറിന്റെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.