തൊടുപുഴ: സമയം ഇന്നലെ രാവിലെ 8 മണി. ആദ്യം ഒരു ഷട്ടർ ഉയർത്തി,​ ചെറിയ പ്രവാഹം. പിന്നെ ഓരോ ഷട്ടറുകളായി ഉയർത്തിയപ്പോഴും അത് കൂടി വന്നു. ഒരു മണിക്കൂർ കഴിഞ്ഞ് എല്ലാ ഷട്ടറുകളും ഒരുമിച്ച് തുറന്നതോടെ അത് ഒരു പ്രളയമായി മാറി. അതേ, വോട്ടിന്റെ മഹാപ്രളയം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ തുടർന്നാണ് 26 വർഷങ്ങൾക്ക് ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നത്. എന്നാൽ ചെറുതോണിക്കടുത്ത് പൈനാവിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് പുറത്ത് വന്നത് ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടൊഴുക്കായിരുന്നു. ആ കുത്തൊഴുക്കിൽ ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടകളെല്ലാം കടപുഴകി. എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരുന്നെങ്കിലും ഇത്ര 'ഭീകരമായ" ഒരു വിജയം യു.ഡി.എഫിലാരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. വോട്ടെണ്ണി തുടങ്ങിയപ്പോൾ ഡീനിന് നേരിയ ലീഡാണ് ഉണ്ടായിരുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ആയിരത്തിൽ താഴെയായിരുന്ന ലീഡ് 8.30യോടെ 3366 ആയി. 8.50 ആയപ്പോൾ അത് 5940 ആയി. പിന്നെ പടിപടിയായി ഭൂരിപക്ഷം ഉയർന്നതോടെ ട്രെൻഡ് ഏകദേശം വ്യക്തമായി. 9.30ന് എട്ട് ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോഴേക്കും ഡീനിന്റെ ലീഡ് പന്ത്രണ്ടായിയിരം കടന്നിരുന്നു. പിന്നെ ഒരു കുതിച്ചു കയറ്റമായിരുന്നു. ഒരോ പെട്ടി തുറക്കുമ്പോഴും അയ്യായിരവും ആറായിരവും വോട്ടുകളുടെ ലീഡാണ് ഡീനിന് കൂടിയത്. മിനിറ്റുകൾക്കം മുപ്പതിനായിരവും അമ്പതിനായിരവും കടന്ന ലീഡ് റോക്കറ്റ് പോലെയാണ് കുതിച്ച് ഒരുലക്ഷത്തിലെത്തിയത്. 11.35ന് 58 ശതമാനം വോട്ടുകൾ എണ്ണിയപ്പോഴാണ് ഭൂരിപക്ഷം ഒരു ലക്ഷം തൊട്ടത്. ആ പ്രയാണം അവസാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1,71053 ൽ എത്തിയപ്പോഴാണ്. വോട്ടെണ്ണല്ലിന്റെ ആദ്യ മണിക്കൂറിൽ ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിൽ മാത്രം ജോയ്സിന് ആയിരം വോട്ടുകളുടെ നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു ഘട്ടത്തിലും ജോയ്സിനെ നിലംതൊടാൻ ഡീൻ അനുവദിച്ചില്ല.