തൊടുപുഴ: ഇടുക്കി ജനാധിപത്യ കോട്ടയാണെന്ന് തെളിയിച്ച യു.ഡി.എഫ് പ്രവർത്തകർക്കു മുമ്പിൽ ശിരസ് നമിക്കുന്നുവെന്ന് ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ഡീൻ കുര്യാക്കോസിന്റെ വിജയം ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നു. കർഷക ആത്മഹത്യകൾ നടന്നപ്പോൾ ജനങ്ങൾക്കും കൃഷികൾക്കും വേണ്ടി ഒന്നും ചെയ്യാതെ കൈയുംകെട്ടി നിന്ന സംസ്ഥാന സർക്കാരിനെതിരായ ജനവിധിയാണിത്. . ഇനിയുള്ള നാളുകളിൽ തിരഞ്ഞെടുപ്പു വിജയത്തിൽ അഹങ്കരിക്കാതെ നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കും. സി.പി.എമ്മിന്റെ പതനം പൂർണമാക്കാൻ വിശ്രമരഹിതമായി പ്രവർത്തിക്കും. പൊതുപ്രവർത്തകരെ നിരന്തരം അപമാനിക്കുന്ന മന്ത്രി എംഎം. മണി ഇനിയെങ്കിലും ഇതവസാനിപ്പിച്ച് വികസനകാര്യങ്ങളിൽ യോജിച്ചു പോകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.