തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓടയിൽ അറവു മാലിന്യം തള്ളിയതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു. ഇന്നലെ രാവിലെ 8.​30നാണ് സംഭവം. ഓടയിൽ അറവുമാലിന്യം തള്ളിയെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധിച്ചത്. അറവുമാലിന്യവും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ് ഓടയുടെ ഒഴുക്ക് നിലച്ചിരുന്നു. അന്വേഷണത്തിൽ സമീപത്തെ ഇറച്ചിക്കടയിൽ നിന്നാണ് ഇവിടേയ്ക്ക് മാലിന്യം തള്ളിയതെന്ന് മനസിലായി. തുടർന്ന് കടയുടമയോട് പിഴയടയ്ക്കാൻ നിർദേശം നൽകി. ശേഷം നഗരസഭാ ശുചീകരണ തൊഴിലാളികളെത്തി ഓട വൃത്തിയാക്കി. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെകടർമാരായ ജോയ്‌സ് ജോസ്, മഞ്ജു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.