രാജാക്കാട് : ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കുറഞ്ഞതായി വനം വകുപ്പിന്റെ പ്രാഥമിക സർവ്വേ റിപ്പോർട്ട്. മേയ് 10 മുതൽ 15 വരെ നടത്തിയ കണക്കെടുപ്പിൽ എഴുന്നൂറോളം വരയാടുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ കണക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പിന്നീട് പുറത്തുവിടും. 2018 ൽ 863 വരയാടുകളെ കണ്ടെത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വരയാടിൻ കുട്ടികളുടെ എണ്ണത്തിൽ ഇത്തവണ നേരിയ വർദ്ധനയുണ്ട്. 72 കുഞ്ഞുങ്ങളെ ഇത്തവണ കണ്ടെത്തി. കഴിഞ്ഞ സർവ്വേയിൽ കണ്ടെത്തിയത് 69 എണ്ണത്തെ ആയിരുന്നു. പ്രളയവും ഇരവികുളം ഉൾപ്പെടെയുള്ള മേഖലകളിൽ കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യം വർദ്ധിച്ചതുമാണ് എണ്ണത്തിൽ കുറവുവരാനുള്ള കാരണമെന്ന് കരുതുന്നു. ഇരവികുളം ദേശീയോദ്യാനത്തിന് പുറമേ ഇത്തവണ മാങ്കുളം, മീശപ്പുലിമല, മറയൂർ, കുണ്ടള എന്നിവടങ്ങളിലും വരയാടുകളെ കണ്ടെത്തിയിട്ടുണ്ട്. വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള സർവ്വേ ഏപ്രിൽ, മേയ് മാസങ്ങളിലാണ് നടത്താറുള്ളത്. മോശം കാലാവസ്ഥ കൃത്യമായ കണക്കെടുപ്പിന് പലപ്പോഴും തടസ്സമാകുന്നുണ്ട്. ഇത് ഒഴിവാക്കാനായി ഈ വർഷം മുതൽ ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ സർവ്വേ നടത്തും.