തൊടുപുഴ : അണക്കര ചെല്ലാർകോവിൽ സ്വദേശിനിയായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് ഇൻസ്‌പെക്ടർ നടത്തുന്ന പുനരന്വേഷണം വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
2017 ജൂലായ് 30 നായിരുന്നു സംഭവം. കുമരകം ബ്ലോക്ക് ചെല്ലാർ കോവിൽ സ്വദേശിനിയാണ് തന്റെ മകളുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്. അയൽവാസിയായ യുവാവ് മകൾക്ക് ഫീസടയ്ക്കാൻ നൽകിയ 14,500 രൂപ അപഹരിച്ചതായും പരാതിയിൽ പറയുന്നു. ഇതിൽ മനംനൊന്താണ് മകൾ ആത്മഹത ചെയ്തത്. മകളുടെ ഫോണിലേക്ക് വന്ന രണ്ട് കോളുകളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
കമ്മീഷൻ കട്ടപ്പന ഡി വൈ എസ് പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. മരണം സംബന്ധിച്ച് വണ്ടൻമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെല്ലാർകോവിൽ കുമളി സ്‌പൈസസ് വില്ലേജ് കുളത്തിൽ ചാടിയാണ് പരാതിക്കാരിയുടെ മകൾ ആത്മഹത്യ ചെയ്തത്. പ്രദേശവാസിയായ യുവാവിന് പരാതിക്കാരിയുടെ മകളുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന പരാതി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ പരാതിയിലെ ആരോപണം ദൂരീകരിക്കുന്നതിനായി വണ്ടൻമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കുന്നതിനായി കട്ടപ്പന സി ഐ, വി.എസ്.അനിൽകുമാറിന് ചുമതല നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.