തൊടുപുഴ: അലങ്കാര മത്സ്യങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് മത്സ്യങ്ങളെ മോഷ്ടിച്ച കേസിൽ മൂന്നു കൗമാരക്കാർ പിടിയിൽ. പട്ടയംകവലയിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഫിഷിലാണ് മോഷണം നടന്നത്. കടയിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികളായ കുട്ടികൾ കുടുങ്ങിയത്. 22ന് പുലർച്ചെയാണ് മോഷണം നടന്നത്. ഇതിന് തലേ ദിവസവും ഇവിടെ മോഷണ ശ്രമം നടന്നിരുന്നു. തുടർന്ന് ഉടമ കടയിൽ വെളിച്ചമിടുകയും ചുറ്റുവല സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് പുലർച്ചെ മൂന്നോടെ എത്തിയ കൗമാരക്കാർ ഫ്യൂസ് ഊരിയ ശേഷം കാമറയിൽ പെടാതിരിക്കാനായി മുഖം മറച്ച് അകത്തു കടന്ന് മത്സ്യക്കുഞ്ഞുങ്ങളെ മോഷ്ടിച്ചു. ഹൈബ്രീഡ് ഇനത്തിൽപ്പെട്ട ഗപ്പി, ഫൈറ്റർ, കാർപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവർ മോഷ്ടിച്ചത്. അക്വേറിയത്തിൽ നിന്ന് പുറത്തെടുത്ത കുറെ മത്സ്യങ്ങളെ ചത്ത നിലയിലും കണ്ടെത്തി. മോഷ്ടിച്ച മൽസ്യങ്ങളിൽ കുറച്ച് സംഘം വിൽപ്പന നടത്തി. ബാക്കി വീടുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കടയിൽ വിൽക്കാൻ വച്ചിരുന്ന പൂച്ചെടികളും നശിപ്പിച്ചു. 60,000 രൂപയുടെ മത്സ്യമാണ് നഷ്ടമായതെന്ന് കടയുമടമ പറഞ്ഞു. ഉടമയുടെ പരാതിയിൽ എസ്‌.ഐ എം.പി. സാഗറാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രക്ഷിതാക്കളെ വിളിച്ചു വരുത്തി മതിയായ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ ഇവരെ വിട്ടയച്ചു.