kk
കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ ശാസ്താംപാറ പുറത്തേട്ട് മാധവൻ നായരുടെ പുരയിടത്തിലെ മരങ്ങൾ കടപുഴകിയ നിലയിൽ

ഇടവെട്ടി: വോട്ടെണ്ണൽ ദിനത്തിൽ വൈകിട്ട് വീശിയടിച്ച കാറ്റിൽ ശാസ്താം പാറ മേഖലയിൽ വ്യാപകനാശം. ചെറിയ മഴക്കൊപ്പം അതിശക്തമായ കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ശാസ്താംപാറ പുറത്തേട്ട് മാധവൻ നായരുടെ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വീടിന്റെ ഷീറ്റും കോഴിക്കൂടും കാറ്റിൽ തകർന്നു. ആറ് റബ്ബർ മരങ്ങൾ, മൂന്ന് തേക്ക് രണ്ട് വെൺ മരുതും ഒന്ന് വീതം കശുമാവ്, പഞ്ഞിമരം, പ്ലാവ് എന്നിവയും കാറ്റിൽ കടപുഴകി. ഒരു തേക്ക് മാത്രം വട്ടമൊടിഞ്ഞപ്പോൾ മറ്റ് മരങ്ങളെല്ലാം കാറ്റിൽ ചുവടോടെ മറിഞ്ഞ് വീണിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലും വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കൂട്ടത്തോടെ നിന്ന മരങ്ങളും വാഴ, കപ്പ എന്നിവയും നശിച്ചു. ശാരദക്കവലയിൽ നിന്ന് മുരളിക്കവല പോകുന്ന വഴിയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഇവിടെ മരം വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.